തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്‌ഭവൻ റോഡ് ഉപരോധിച്ചു. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് മോദി ഭരണകൂടത്തിന്‍റെ ഉപകരണമായി നിൽക്കുന്നുവെന്ന് റോഡ് ഉപരോധം ഉദ്‌ഘാടനം ചെയ്‌ത പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. രാഷ്‌ട്രീയ എതിരാളികളെ അപകീർത്തിപ്പെടുത്താൻ കള്ളക്കേസ് എടുക്കുന്നു.
ഫാസിസ്റ്റ് ശക്തികൾക്ക് രാഷ്‌ട്രീയ എതിരാളികളെ ഭയമാണ്. സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നത് ഏകാധിപത്യ ഭരണകൂടത്തിന്‍റെ ചെയ്‌തികളാണ്. ഭയമാണ് രാജ്യത്തെ ഭരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതത്തിനായി വർഷങ്ങളായി കാത്തിരിക്കുകയാണ് ബി.ജെ.പിയെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.
ഇന്ത്യയിൽ ഫാസിസ്റ്റ് ഭരണം പൂർണമായും നടപ്പിലായിരിക്കുന്നു. സംഘപരിവാർ ഭരണം എതിരാളികളെ മുഴുവൻ തകർക്കുക, എതിർ ശബ്‌ദങ്ങളെ മുഴുവൻ അടിച്ചമർത്തുക എന്നീ ലക്ഷ്യങ്ങളോടെ ആണെന്നും ഹസൻ പറഞ്ഞു. റോഡ് ഉപരോധത്തിൽ പാലോട് രവി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
also read:നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി