തിരുവനന്തപുരം: അസുഖബാധിതനായ കുട്ടിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചത് ചോദ്യം ചെയ്‌ത മറ്റൊരു അധ്യാപികയെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി. തിരുവനന്തപുരം മംഗലപുരം കാരമൂട് ബിഷപ്പ് പെരേര മെമ്മോറിയൽ സ്‌കൂളിൽ പഠിക്കുന്ന മസ്‌തിഷ്ക രോഗമുള്ള കുട്ടിയെ അധ്യാപിക മർദ്ദിച്ചതിനെ ഇതേ സ്കൂളിലെ മറ്റൊരു അധ്യാപികയായ അൻസി ചോദ്യം ചെയ്തിരുന്നു. അൻസിയുടെ കുട്ടികളും പഠിയ്ക്കുന്നത് ഇതേ സ്കൂളിലാണ്. തുടർന്ന് പരാതിപ്പെട്ട അധ്യാപികയുടെ രണ്ടു കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും അധ്യാപികയെ മെമ്മോ പോലും നൽകാതെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.
കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ ചൂണ്ടിക്കാട്ടി അൻസി മംഗലപുരം പൊലീസിലും, ചൈൽഡ് ലൈനിലും പരാതി നൽകി. കുട്ടിയെ മർദ്ദിച്ചതിനെ ചോദ്യം ചെയ്തതിൽ എൽ കെജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന തന്‍റെ കുട്ടികളെ ശാരീരികമായും ക്രൂരമായി മർദ്ദിക്കുകയും, മറ്റു കുട്ടികളുടെ ഇടയിൽ നിന്നും മാറ്റി ഇരുത്തുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി അൻസി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തന്‍റെ കുട്ടികൾക്ക് നിർബന്ധിച്ച് റ്റി സി നൽകിയെന്നും അൻസി പറയുന്നു.
അൻസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂളിലെ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്കൂളിലെ സിസി ക്യാമറ ദ്യശ്യം ഉൾപ്പടെ പരിശോധിക്കുമെന്നും തെളിവ് കിട്ടിയാൽ അധ്യാപികമാരെ അറസ്റ്റു ചെയ്യുന്ന നടപടിയിലേക്ക് ഉൾപ്പടെ പോകുമെന്ന് മംഗലപുരം ഇൻസ്പെക്ടർ വിനോദ് പറഞ്ഞു.
എന്നാൽ അധ്യാപിക ഒരു വർഷം പ്രൊബേഷൻ പിരീഡ് മാത്രമായിരുന്നു എന്നും പെർഫോമൻസ് മോശമായതിനാലാണ് പിരിച്ചുവിടുന്നതിന് മുമ്പ് ഒരു മാസം നോട്ടീസ് കാലാവധി നൽകിയത് എന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്. കുട്ടികളെ പീഡിപ്പിച്ചതുൾപ്പടെ ഉള്ള പരാതിയിൽ പറയുന്ന കാര്യങ്ങൾ വെറുതെയാണെന്നും അധികൃതർ അറിയിച്ചു.