തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജ പരാതി ചമച്ച കേസിൽ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ ഒൻപത് ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കഴിഞ്ഞ 14ആം തീയതിയായിരുന്നു കേസിലെ രണ്ടാം പ്രതിയായ സ്വപ്‌നയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകിയിരുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് അന്വേഷണ സംഘം സ്വപ്‌നയെ ഹാജരാക്കുക.
എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനാ നേതാവായിരുന്ന സിബു, സാറ്റ്സിലെ അഴിമതിയുടെ വിവരങ്ങൾ കേന്ദ്ര വിജിലൻസ് കമ്മിഷന് പരാതി നൽകിയിരുന്നു. ഇതിൻ്റെ വിരോധത്തിലാണ് സാറ്റ്സിലെ ഒൻപത് വനിതാ ജീവനക്കാരുടെ വ്യാജ ഒപ്പിട്ട് സിബുവിനെതിരെ സ്വപ്‌ന കള്ള പരാതി നൽകിയെന്നാണ് ക്രൈം ബ്രാഞ്ച് കേസ്.
സ്വർണക്കള്ളക്കടത്ത് കേസിൽ കോഫേപോസ തടവുകാരിയായ സ്വപ്‌നയുടെ അറസ്റ്റ് ക്രൈം ബ്രാഞ്ച് അട്ടകുളങ്ങര ജയിലിൽ നേരിട്ടെത്തി രേഖപ്പെടുത്തിയിരുന്നു. ഈ കേസിൽ സ്വപ്‍ന ഇപ്പോൾ റിമാൻഡിലാണ്. അന്വേഷണത്തിൽ സ്വപ്‌ന വ്യാജ പരാതി തയ്യാറാക്കുവാൻ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ് വിദഗ്‌ധമായി പരിശോധിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് ചില സുപ്രധാന വിവരങ്ങൾ ലഭിച്ചതായി സൂചന.
READ MORE: വ്യാജ പരാതി: സ്വപ്‌ന സുരേഷ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ