തിരുവനന്തപുരം: മാധ്യമ പ്രവർത്തകയോട് (Media Person) അപമര്യാദയായി പെരുമാറിയതിൽ നടൻ അലൻസിയറിനെതിരെ പരാതി. റിപ്പോർട്ടർ ചാനലിലെ വനിത മാധ്യമ പ്രവർത്തകയോടാണ് അലൻസിയർ (Alencier Ley Lopez) അപമര്യാദയായി പെരുമാറിയത്. മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി (Complaint Against Actor Alencier).
റൂറൽ എസ്‌പി ഡി ശില്‍പയ്‌ക്കാണ് ഇവര്‍ പരാതി നൽകിയത്. സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് (State Film Academy Award) വേദിയിൽ വിവാദ പരാമർശം നടത്തിയതിനെക്കുറിച്ച് പ്രതികരണം തേടാൻ ചെന്നപ്പോഴായിരുന്നു അലൻസിയർ മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചത്.
വിവാദം വന്ന വഴി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനിടെയാണ് നടന്‍ അലൻസിയറിന്‍റെ വിവാദ പരാമര്‍ശമുണ്ടായത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടില്‍ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നും പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നുമായിരുന്നു അലന്‍സിയറുടെ വിവാദ പ്രസ്‌താവന. സ്പെഷ്യൽ ജൂറി അവാർഡിന് സ്വർണം പൂശിയ പുരസ്‌കാരം തരണമെന്നും 25,000 രൂപ മാത്രം നൽകി അപമാനിക്കരുതെന്നും അലൻസിയർ വേദിയില്‍ പറഞ്ഞിരുന്നു. ആണ്‍ രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്നതിന്‍റെ അന്ന് താൻ അഭിനയം നിര്‍ത്തുമെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അലന്‍സിയര്‍ പ്രതികരിച്ചിരുന്നു.
ഉറച്ചുനിന്ന് അലന്‍സിയര്‍: എന്നാല്‍ പ്രസ്‌താവന ഏറെ ചര്‍ച്ചയാവുകയും സ്‌ത്രീവിരുദ്ധമാണെന്ന് കണ്ട് വിമര്‍ശനങ്ങള്‍ കടുക്കുകയും ചെയ്‌തെങ്കിലും താൻ പറഞ്ഞ വാക്കുകളിൽ ഉറച്ച് നിൽക്കുന്നുവെന്ന് അലൻസിയർ പ്രതികരിച്ചിരുന്നു. സ്ത്രീക്ക് മാത്രമല്ല പുരുഷന്മാർക്കും അവകാശമുണ്ടെന്നും പൊതുവായി കൊടുക്കുന്ന പ്രതിമ എന്തിന് പെൺ രൂപമാവുന്നുവെന്നും അലൻസിയർ ചോദ്യം ആവര്‍ത്തിച്ചു. താൻ സ്ത്രീയെ ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്നാൽ, പുരുഷന്മാരെയും ബഹുമാനിക്കേണ്ടതുണ്ട്. സംവരണം ലഭിക്കാത്ത വ്യക്തിയാണ് പുരുഷനെന്നും, പുരുഷന് യാതൊരു നീതിയും സമൂഹത്തിൽ ലഭിക്കുന്നില്ലെന്നും അലൻസിയർ അഭിപ്രായപ്പെട്ടു.
പ്രസംഗത്തിൽ തെറ്റില്ലെന്നും തിരുത്തേണ്ട ആവശ്യമില്ലെന്നും പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. മറ്റുള്ളവർ ഇത് സംബന്ധിച്ച് പറയാത്തതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും വലിയ വേദിയിൽ അവസരം കിട്ടിയപ്പോൾ തനിക്ക് പറയാനുള്ളത് പറഞ്ഞുവെന്നും അദ്ദേഹം തന്‍റെ പ്രസ്‌താവനയെ ന്യായീകരിച്ചു.
ഇല്ലാത്ത ആരോപണങ്ങളിൽ തന്നെ കുടുക്കാൻ ശ്രമിച്ചാൽ കുടുങ്ങില്ലെന്നും ഇനി അതിനായി ശ്രമിക്കുകയാണെങ്കിൽ താൻ അത് ആസ്വദിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും അലൻസിയർ വ്യക്തമാക്കി. സ്ത്രീക്ക് മാത്രമല്ല അവകാശവും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കഴിവുമെന്ന് പറഞ്ഞ താരം കോൺഗ്രസുകാർക്ക് ഭരണം കിട്ടാത്തതിന് കാരണം ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണെന്നും കൂട്ടിച്ചേര്‍ത്തു.