തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുമായുള്ള ബന്ധത്തിന്‍റെ പേരിൽ സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരായ നടപടി പുനഃപരിശോധിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായ സമിതിയിൽ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി.കെ.ജോസ്, സത്യജീത്ത് രാജൻ എന്നിവരാണ് അംഗങ്ങൾ. 1969 ലെ അഖിലേന്ത്യ സിവിൽ സർവീസ് ചട്ടത്തിലെ 3(8) പ്രകാരമാണ് അച്ചടക്ക നടപടിയിലെ അപ്പീലിന് സമിതിയെ നിയോഗിച്ചത്. ജൂലൈ 17നാണ് ശിവശങ്കറിനെ സർക്കാർ സസ്പെൻഡ് ചെയ്‌തത്. പ്രതികളുമായുള്ള ബന്ധത്തിന്‍റെ പേരിൽ കസ്റ്റംസ് ഒരു വട്ടവും എൻ.ഐ.എ രണ്ടു വട്ടവും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു.