തിരുവനന്തപുരം: നഗരസഭക്ക് നാണക്കേടായി കിഴക്കേകോട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ പൊതുശൗചാലയം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പുരുഷന്മാരുടെ മൂത്രപ്പുരക്ക് മറയില്ലാത്തതിനാൽ അകത്തെ കാഴ്‌ചകള്‍ കാണേണ്ട ഗതികേടിലാണ് സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍. മനം പുരട്ടുന്ന ദുർഗന്ധവും സഹിച്ചാണ് യാത്രക്കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നത്.
മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ബസുകളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് രണ്ട് മൂന്ന് മീറ്റർ മാറിയാണ് പുരുഷന്മാരുടെ മൂത്രപ്പുര. സഹിക്കാനാവാത്ത ദുർഗന്ധം മൂലം വിദ്യാർഥികൾ അടക്കമുളള യാത്രക്കാർ കാത്തിരിപ്പ് കേന്ദ്രം വിട്ടു പോകുന്നതും പതിവാണിവിടെ. തിരുവനന്തപുരം നഗരഹൃദയത്തിലാണ് ഇത്രയും ലജ്ജാകരമായ ഒരു കാഴ്ച.