തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ പരസ്യപ്രതികരണത്തിന് പാർട്ടി വിലക്ക്. എംഎൽഎമാരായ ഐബി സതീഷ്, ജി സ്റ്റീഫൻ എന്നിവർക്കാണ് പരസ്യപ്രതികരണത്തിന് പാർട്ടി വിലക്ക് ഏർപ്പെടുത്തിയത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇരുവരും പാര്‍ട്ടിക്ക് കത്തയച്ചിരുന്നു.
കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അന്വേഷണം നടത്തണമെന്നുമാണ് ഇരുവരും കത്തില്‍ പറയുന്നത്. അതേസമയം വിഷയത്തില്‍ അന്വേഷണം നടത്താന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ച സാഹചര്യത്തിലാണ് പരസ്യപ്രതികരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പാര്‍ട്ടി നേതാക്കള്‍ അറിയാതെ കോളജില്‍ ഇത്തരം ആള്‍മാറാട്ടം നടക്കില്ലെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് എംഎല്‍എമാര്‍ പാര്‍ട്ടിക്ക് കത്ത് നല്‍കിയത്.
ഡികെ മുരളി, പുഷ്‌പലത എന്നിവർ ഉൾപ്പെടുന്ന സംഘത്തെയാണ് പാര്‍ട്ടി ആൾമാറാട്ട വിവാദ കേസ് അന്വേഷണത്തിനായി നിയോഗിച്ചത്. ജില്ല സെക്രട്ടേറിയറ്റ് തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കോളജ് മാനേജ്‌മെന്‍റും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പൊലീസ് ഇന്ന് കോളജിലെത്തി തെരഞ്ഞെടുപ്പ് രേഖകൾ ശേഖരിക്കും. സർവകലാശാല രജിസ്ട്രാറുടെ മൊഴി രേഖപ്പെടുത്തും. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ കോളജ് പ്രിൻസിപ്പൽ ജി.ജെ ഷൈജു ഒന്നാം പ്രതിയും എസ്എഫ്ഐ നേതാവ് വിശാഖ് രണ്ടാം പ്രതിയുമാണ്.
പേര് മാറ്റലും പേര് ചേര്‍ക്കലും ഒടുക്കം വിവാദവും: കഴിഞ്ഞ ഡിസംബറില്‍ നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാട്ടാക്കട കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അനഘയാണ് കേരള സര്‍വകലാശാലയിലേക്ക് യുയുസിയായി വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിക്ക് നല്‍കിയത് അനഘയുടെ പേരിന് പകരം എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയും കോളജിലെ ഒന്നാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിയുമായ വിശാഖിന്‍റെ പേര് ഉള്‍പ്പെട്ട പട്ടിക.
more read: എസ്‌എഫ്‌ഐ ആൾമാറാട്ടം: അന്വേഷിക്കാൻ കമ്മിഷനെ നിയമിച്ച് സിപിഎം
സംഭവത്തില്‍ കെഎസ്‌യു പരാതി നല്‍കിയതോടെ വിവാദങ്ങള്‍ ഉയര്‍ന്നു. വിശാഖിനെ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്ന്. സംഭവം വിവാദമായതോടെ കോളജ് പ്രിന്‍സിപ്പലില്‍ നിന്ന് കേരള യൂണിവേഴ്‌സിറ്റി വിശദീകരണം തേടി.
കൗണ്‍സിലറായ അനഘയ്‌ക്ക് തത്‌സ്ഥാനത്ത് തുടരാന്‍ താത്‌പര്യമില്ലെന്നും അതുകൊണ്ടാണ് വിശാഖിന്‍റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നുമായിരുന്നു പ്രിന്‍സിപ്പലിന്‍റെ മറുപടി. എന്നാല്‍ നിലവില്‍ ഇങ്ങനെയൊരു ചട്ടമില്ലെന്നതാണ് വാസ്‌തവം. സംഭവത്തെ തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ ജിജെ ഷൈജുവിനെ സ്ഥാനത്ത് നിന്ന് നീക്കി. കേസിനെ തുടര്‍ന്ന് യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഇതിന്‍റെ സാമ്പത്തിക നഷ്‌ടം പ്രിന്‍സിപ്പലില്‍ നിന്ന് ഈടാക്കും.
മെയ് 26നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്. കോളജുകളില്‍ നിന്നും ജയിച്ച് വരുന്ന യുയുസിമാരില്‍ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുക. 171 യുയുസിമാരാണ് കേരള സര്‍വകലാശാലയില്‍ ഉള്ളത്.
സർവകലാശാലയ്‌ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തിയാണ് ആള്‍മാറാട്ട സംഭവത്തിലൂടെയുണ്ടായതെന്നും ഇതിലൂടെ നഷ്‌ടപ്പെട്ട വിശ്വാസ്യത തിരിച്ച് പിടിക്കുമെന്നും കേരള സർവകലാശാല വൈസ് ചാൻസലർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.