തിരുവനന്തപുരം: പോളിങ് സമയത്തിന് മുൻപ് മന്ത്രി എ.സി മൊയ്തീൻ വോട്ടു രേഖപ്പെടുത്തി എന്ന വിവാദത്തിൽ തുടർനടപടി ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇത് സംബന്ധിച്ച് കലക്‌ടർ നൽകിയ റിപ്പോർട്ട് അംഗീകരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
പോളിങ് ഓഫിസറുടെ വാച്ചിൽ സമയം ഏഴ് മണി ആയതുകൊണ്ടാണ് വോട്ടെടുപ്പ് ആരംഭിച്ചത് എന്നായിരുന്നു കലക്‌ടർ നൽകിയ റിപ്പോർട്ട്. മന്ത്രി ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എ.സി മൊയ്തീതിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രത്യേകമായി ഒന്നും ചെയ്‌തിട്ടില്ലെന്ന വിശദീകരണം തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുകയും ചെയ്‌തു.
വടക്കാഞ്ചേരിയിലെ പോളിങ് ബൂത്തിൽ മന്ത്രി 6.55ന് വോട്ട് രേഖപ്പെടുത്തി എന്നാണ് യുഡിഎഫിന്‍റെ പരാതി. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും, മന്ത്രി എന്ന നിലയിലുള്ള അധികാരം ദുർവിനിയോഗം ചെയ്‌തുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ, ഇവയെല്ലാം തള്ളിക്കളഞ്ഞുള്ള റിപ്പോർട്ടാണ് വരണാധികാരി കൂടിയായ കലക്‌ടർ നൽകിയത്. ഭരണാധികാരി സമർപ്പിക്കുന്ന റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്നതാണ് നടപടിക്രമം. അതിനാൽ തന്നെ മന്ത്രിക്കെതിരെ തുടർ നടപടിക്ക് സാധ്യതയില്ല.