തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം കിടക്കകള്‍ മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രി മാനേജുമെന്‍റുകളുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പരമാവധി സൗകര്യം ഒരുക്കാന്‍ ആശുപത്രികള്‍ തയാറാകണം. ഐസിയു, വെന്‍റിലേറ്റർ സംവിധാനം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുകൂടാതെ ആശുപത്രിയിലെ കിടക്കകള്‍, ഐസിയു, വെന്‍റിലേറ്റർ എന്നിവയുടെ കണക്ക് കൃത്യമായി സര്‍ക്കാരിനെ അറിയിക്കണം. രോഗികളെ പ്രവേശിപ്പിക്കുന്നതിന് ഒരു കേന്ദ്രീകൃത സംവിധാനം ഒരുക്കാനാണിത്.
കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഇക്കാര്യം രജിസ്റ്റര്‍ ചെയ്യണം. ഇതു കൂടാതെ കൊവിഡ് ചികിത്സയ്‌ക്ക് അമിത ചാര്‍ജ് ഈടാക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിലവില്‍ 407 സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും 137 ആശുപത്രികളാണ് കൊവിഡ് ചികിത്സ നല്‍കി തുടങ്ങിയത്. ജനറല്‍ വാര്‍ഡിന് 2300 രൂപ, ഐസിയു ചാര്‍ജ് 6500, വെന്‍റിലേറ്ററോട് കൂടിയ ഐസിയു ആണെങ്കില്‍ 11500 എന്നിങ്ങനെയാണ് ചാര്‍ജ് നിശ്ചയിച്ചിട്ടുള്ളത്. ഇത് പാലിക്കാന്‍ എല്ലാവരും തയാറകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ ഇക്കാര്യത്തില്‍ മാനേജ്‌മെന്‍റുകൾ എതിരഭിപ്രായം ചര്‍ച്ചയില്‍ ഉന്നയിച്ചു. എല്ലാ ആശുപത്രികളിലും ഒരേ നിരക്ക് സാധ്യമല്ല. ആശുപത്രികളിലെ സൗകര്യങ്ങള്‍ക്കനുസരിച്ച് നിരക്ക് നിശ്ചയിക്കണമെന്നതാണ് മാനേജുമെന്‍റുകളുടെ ആവശ്യം. ഇല്ലെങ്കിൽ ആശുപത്രികളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും മാനേജ്‌മെന്‍റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ കാരുണ്യ ചികിത്സയുടെ ഭാഗമായുള്ള കുടിശിക ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ 407 സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും 137 ആശുപത്രികളാണ് കൊവിഡ് ചികില്‍സ നല്‍കുന്നത്. ഇത് വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.