തിരുവനന്തപുരം: മാധ്യമ പ്രവർത്തകരുടെ പെന്‍ഷന്‍ പദ്ധതിക്കുള്ള ചട്ടം പരിഷ്‌കരിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമ പദ്ധതികൾ പരിഷ്കരിക്കണമെന്ന പി.സി ജോർജ് എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈൻ മാധ്യമ പ്രവർത്തകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു. പെന്‍ഷന്‍ പദ്ധതിക്കായി നിലവിലുള്ള ചട്ടം പരിഷ്‌കരിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ പെന്‍ഷന്‍ പദ്ധതിയില്‍ പുതിയ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കുന്ന കാര്യം പരിശോധിക്കാന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നത്. വ്യക്തമായ മാനദണ്ഡങ്ങളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നത്. രൂപീകരിക്കുന്ന പുതിയ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.