തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി സമവായത്തിലൂടെ നടപ്പാക്കുമെന്നും കോടതി വിധിയെ ബഹുമാനിച്ചുകൊണ്ടുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
പള്ളികളില്‍ ആരാധന നടത്തുന്നത് സംബന്ധിച്ച തര്‍ക്കം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. വിധി നടപ്പിലാക്കുമ്പോള്‍ പള്ളികളില്‍ ക്രമസമാധാന പ്രശ്‌നമോ അടച്ചുപൂട്ടുന്ന നിലയോ ഉണ്ടാക്കാതെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. അങ്ങനെ നടപ്പിലാക്കുമ്പോള്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി അത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമാണ് നടത്താറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കുന്ന കാര്യത്തിലുള്‍പ്പടെ ഒരേ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധി സമാധാനപരമായി നടപ്പാക്കുന്ന സമീപനമാണ് സർക്കാർ എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അതില്‍ നിന്നും വ്യത്യസ്തമായ സമീപനം ഒരു വിധിയുടെ കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ആന്‍റണി ജോൺ എംഎൽഎയുടെ സബ് മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.