തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്ക് പണം കടത്തിയെന്ന് നയതന്ത്ര സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെ മുഖ്യ പ്രതി സരിത്ത്. ഡോളർ കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന്‍റെ ഭാഗമായി കസ്റ്റംസ് നൽകിയ കാരണം കാണിക്കൽ നോട്ടിസിലാണ് പ്രതി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ ഉള്ളത്.
പാക്കറ്റ് എടുക്കാന്‍ ചുമതല സ്വപ്‌ന സുരേഷിന്
മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടെയാണ് പണം കടത്തിയത്. വിദേശത്ത് കൊണ്ടുപോകേണ്ടിയിരുന്ന മുഖ്യമന്ത്രിയുടെ, മറന്നുവച്ച പായ്ക്കറ്റ് സെക്രട്ടറിയേറ്റിൽ നിന്ന് എടുക്കാൻ യു.എ.ഇ കോൺസുൽ ജനറൽ സ്വപ്ന സുരേഷിനെ ചുമതലപ്പെടുത്തിയിരുന്നു. അവർ അത് തന്നെ ഏല്‍പ്പിച്ചു. ഇതുപ്രകാരം സെക്രട്ടേറിയറ്റിൽ ജനറൽ അഡ്‌മിനിസ്ട്രേഷൻ ഓഫിസിൽ പോയി ഇത് കൈപ്പറ്റി.
സംശയം തോന്നിയ താൻ പായ്ക്കറ്റ് സ്കാൻ ചെയ്തപ്പോൾ ഇത് കറൻസിയാണന്ന് വ്യക്തമായി. ഇത് യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷയെ ഏല്‍പ്പിച്ചു. അദ്ദേഹം വിദേശത്തേക്ക് കൊണ്ടുപോയി. ഇതിനാവശ്യമായ സഹായങ്ങൾ ചെയ്തതിന്‍റെ പേരിൽ കോൺസുൽ ജനറൽ തന്നെ അഭിനന്ദിച്ച് സ്വപ്‌ന സുരേഷിനോട് സംസാരിച്ചിരുന്നു.
എം ശിവശങ്കറിന്‍റെ മൊഴിയില്‍ വൈരുധ്യം
സ്വപ്ന സുരേഷ് നൽകിയ നിർദേശമനുസരിച്ചാണ് താൻ കാര്യങ്ങൾ ചെയ്തതെന്നും സരിത്ത് കസ്റ്റംസിന് മൊഴി നൽകി. എന്നാൽ, കേരളത്തിലെ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് ഡിസൈൻ ചെയ്ത മൊമെന്‍റോകളായിരുന്നു പായ്ക്കറ്റിലെന്നാണ് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കസ്റ്റംസിന് മൊഴി നൽകിയത്.
2019 ഓഗസ്റ്റ് ഏഴിന് യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദ് ഒരു ലക്ഷത്തി തൊണ്ണൂറായിരം യു എസ് ഡോളർ ഒമാൻ വഴി ഈജിപ്തിലേക്ക് കടത്തിയതാണ് കേസ്. ലൈഫ് മിഷൻ കരാർ ക്രമക്കേടിലൂടെ ഉണ്ടാക്കിയ കമ്മിഷനാണ് കടത്തിയതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ALSO READ: സാധനങ്ങൾ കിട്ടാനില്ല, ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ ; പട്ടിണി സമരത്തിന് റേഷൻ വ്യാപാരികൾ