തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം ഉറപ്പു വരുത്താനാണ് സര്‍ക്കാര്‍ ശ്രമം. അതില്‍ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനാലാണ് ദുരിതാശ്വാസ നിധിയില്‍ ക്രമക്കേട് നടന്നെന്ന് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായ പരാതികളെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. കഷ്‌ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതി ദുരന്തങ്ങളിലുമടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.
ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. അനര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്‌താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ അനർഹർ സഹായം നേടിയെടുത്തതായി വിജിലൻസിന്‍റെ പരിശോധനയിൽ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്.
സംസ്ഥാനത്തെ 14 കലക്‌ടറേറ്റുകളിലെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. ഏജന്‍റുമാര്‍ മുഖേന നല്‍കുന്ന അപേക്ഷകര്‍ക്കൊപ്പം സമര്‍പ്പിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും വരുമാന സര്‍ട്ടിഫിക്കറ്റുകളും കൃത്രിമമാണെന്നും അപേക്ഷകളില്‍ നല്‍കുന്ന ഫോണ്‍ നമ്പരുകള്‍ ഏജന്‍റുമാരുടേതാണെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ALSO READ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പ്: സംസ്ഥാന വ്യാപക പരിശോധനയുമായി വിജിലൻസ്