തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡിന് മുന്‍പും കേരളത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ നിലനിന്നിരുന്നു. രോഗ തീവ്രത അതിനപ്പുറം വര്‍ധിച്ചിട്ടില്ല. മരുന്നിന്‍റെ ദൗര്‍ലഭ്യം നേരിടാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് ബോധവല്‍ക്കരണം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കാലവര്‍ഷം കടന്നുവരാന്‍ പോവുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡെങ്കിപ്പനി മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ശക്തമാകുന്ന സ്വഭാവമുള്ള പകര്‍ച്ചവ്യാധിയാണ്. ഇതിനു മുന്‍പ് കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമായ തോതില്‍ ബാധിച്ചത് 2017ല്‍ ആണ്. അതിനാല്‍ ഈ വര്‍ഷം ആ രോഗം വീണ്ടും ശക്തമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ ആയിരിക്കണം.
കൂടുതൽ വായനയ്ക്ക്:കണ്ണൂരിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കുന്നത് വൃത്തിയാക്കണം. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഓരോ കുടുംബവും അവരുടെ ഉത്തരവാദിത്വമായി ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാതെ നിറവേറ്റണമെന്നും പിണറായി പറഞ്ഞു.