തിരുവനന്തപുരം : ബെയ്‌ജിങ് ഏഷ്യന്‍ ഗെയിംസില്‍ ഹോക്കിയില്‍ സ്വര്‍ണം നേടിയ തന്നെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും വിളിച്ചില്ലെന്ന ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Replys PR Sreejesh- Awarded 2 Crore And Promotion After Olympic Victory). ഏഷ്യന്‍ ഗെയിംസില്‍ ഹോക്കിയില്‍ സ്വര്‍ണം നേടിയ ശ്രീജേഷിന് ഒളിമ്പിക്‌സ് മെഡല്‍ നേടിയ വേളയില്‍ 2 കോടി രൂപയും ജോലിയില്‍ സ്ഥാന കയറ്റവും നല്‍കിയിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കായിക വകുപ്പിന് കീഴിലെ ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലൂടെയാണ് (GV Raja Sports School) ശ്രീജേഷ് ഹോക്കിയില്‍ മികച്ച ഗോള്‍കീപ്പറായി മാറിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ അടക്കം മലയാളി താരങ്ങള്‍ കാഴ്‌ചവച്ചത് മികച്ച പ്രകടനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള താരങ്ങള്‍ നേടിയ 9 മെഡലുകള്‍ വിലപ്പെട്ടതാണ്. തിരുവനന്തപുരം എല്‍ എന്‍ സി പി ഇയിലാണ് (LNCPE Thiruvananthapuram) ഏഷ്യന്‍ ഗെയിംസിനുള്ള അത്‌ലറ്റിക്‌സ് ടീം പരിശീലനം നടത്തിയത്. ഒളിമ്പിക്‌സില്‍ (Olympics) പങ്കെടുത്ത മുഴുവന്‍ മലയാളികള്‍ക്കും ടീം അംഗങ്ങള്‍ക്കും സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായിക മേഖലയുടെയും കായിക താരങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കായിക മേഖലയില്‍ എല്ലാ ഘട്ടങ്ങളിലും എല്ലാ തരത്തിലുമുള്ള സഹായവും ചെയ്‌ത സര്‍ക്കാരാണ് കേരളത്തിലേത്. ഒരു ഘട്ടത്തിലും അക്കാര്യത്തില്‍ പിറകോട്ട് പോയിട്ടില്ല. കേരളത്തിലെ കായിക രംഗത്തിന് കരുത്താകുന്ന രീതിയില്‍ അവരുടെ സംഭാവനകളെ മാറ്റിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡല്‍ നേടിയവര്‍ക്ക് കൃത്യമായി പാരിതോഷികം : "കായിക മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ കൃത്യമായി പാരിതോഷികം നല്‍കിവരാറുണ്ട്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തില്‍ പാരിതോഷികം നല്‍കി. ഒപ്പം ചെസ് ഒളിമ്പ്യാഡില്‍ നേട്ടം കൈവരിച്ച നിഹാല്‍ സരിന് 10 ലക്ഷവും എസ് എല്‍ നാരായണന് 5 ലക്ഷവും സമ്മാനിച്ചു. 2022 ല്‍ തോമസ് കപ്പ് ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്‌ത അവസരത്തില്‍ എച്ച് എസ് പ്രണോയ്, എം ആര്‍ അര്‍ജുന്‍ എന്നീ താരങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കി. ജി വി രാജ പുരസ്‌കാരത്തിനും പ്രണോയിയെ തെരഞ്ഞെടുത്തിരുന്നു. ഇത്തരത്തില്‍ പാരിതോഷികം നല്‍കുന്നതിന് പുറമെ കായിക താരങ്ങള്‍ക്ക് മികച്ച പരിശീലനത്തിനും മറ്റുമായി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 40 ലക്ഷം രൂപയോളം അനുവദിച്ചിട്ടുണ്ട്. ഇത്തവണ ദേശീയ ഗെയിംസിന് ഗോവയിലേക്ക് പോകുന്ന താരങ്ങളുടെ പരിശീലനത്തിനായി 4.27 കോടി ആദ്യ ഗഡുവായി അനുവദിച്ചു." -മുഖ്യമന്ത്രി വിശദീകരിച്ചു.
സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍വകാല റെക്കോഡ് : കായിക താരങ്ങള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ സര്‍വകാല റെക്കോഡിട്ട സര്‍ക്കാരാണിതെന്ന് പറഞ്ഞ മുഖ്യമന്ത്രി കഴിഞ്ഞ 7 വര്‍ഷത്തിനിടെ 676 താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്‍കിയതായും ചൂണ്ടിക്കാട്ടി. "സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള 2010-14 റാങ്ക് ലിസ്റ്റില്‍ നിന്ന് 65 പേര്‍ക്ക് കൂടി നിയമനം നല്‍കിയിട്ടുണ്ട്. പൊലീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 31 പേര്‍ക്കും നിയമനം നല്‍കി. 2015-19 കാലയളവിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമന നടപടികള്‍ പുരോഗമിച്ചുവരികയാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായി. ഈ വര്‍ഷം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 5 വര്‍ഷത്തെ റാങ്ക് ലിസ്റ്റില്‍ 249 പേര്‍ക്കാണ് നിയമനം ലഭിക്കുക. പ്രത്യേക പരിഗണനയില്‍ ഫുട്‌ബോള്‍ താരം സി കെ വിനീതിന് നേരത്തേ ജോലി നല്‍കിയിരുന്നു. കെ എസ് ഇ ബിയിലും സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം നടക്കും. 2010-14ലെ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് മുടങ്ങിക്കിടന്നതാണ്. തുടര്‍ന്നുവന്ന എല്‍ ഡി എഫ് ഗവണ്‍മെന്‍റാണ് നിയമന നടപടി ആരംഭിച്ചത്. 2019 ഫെബ്രുവരി 8ന് 409 പേര്‍ ഉള്‍പ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഒഴിവുള്ള 250 തസ്‌തികകളില്‍ നിയമനം നടത്തുകയും ചെയ്‌തു. അതേസമയം 110 പേര്‍ക്ക് മാത്രമാണ് യുഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് നിയമനം നല്‍കിയത്" -മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലൊന്നും സ്‌പോര്‍ട്‌സ് ക്വാട്ട നിയമനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ വര്‍ഷം തോറും 50 പേര്‍ക്ക് വീതം സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിര്‍ബന്ധമായും നിയമനം നല്‍കി വരുന്നു. 2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ മുഴുവന്‍ താരങ്ങള്‍ക്കും സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കി. ഇത്തരത്തില്‍ കായിക താരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. തുടര്‍ന്നും അതുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.