തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തുക വകമാറ്റിയ കേസില്‍ ലോകായുക്തയുടെ വിധി നാളെ (13.11.2023). നാളെ ഉച്ചക്ക് 2.30ന് വിധി പുറപ്പെടുവിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക വകമാറ്റിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ലോകായുക്തയില്‍ ആര്‍ എസ് ശശികുമാര്‍ നൽകിയ ഹര്‍ജിയില്‍ മൂന്ന് അംഗ ബെഞ്ചാണ് വിധി പറയുന്നത്.
ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ച് വാദം പൂര്‍ത്തിയാക്കിയിട്ടും വിധി പുറപ്പെടുവിക്കാന്‍ ഒരു വര്‍ഷം കാലതാമസം ഉണ്ടായതിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നൽകിയിരുന്നു. ഇതിന് പിന്നാലെ പരാതിയില്‍ വിധി പറയുന്നതില്‍ ജഡ്‌ജിമാരിലുണ്ടായ അഭിപ്രായ ഭിന്നത മൂലം കഴിഞ്ഞ മാര്‍ച്ച് 31 ന് മൂന്ന് അംഗ ബെഞ്ചിന് ഹര്‍ജി കൈമാറി. ഈ ബെഞ്ചാണ് നാളെ ഹര്‍ജിയില്‍ വിധി പറയുക.
അതേസമയം ഹര്‍ജിയില്‍ വാദം കേട്ട ഉപലോകായുക്ത ജഡ്‌ജിമാരില്‍ രണ്ട് പേര്‍, പരാതിയില്‍ ഉള്‍പ്പെട്ട മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്‌തതിനാല്‍ ജഡ്‌ജിമാരില്‍ നിന്നും നിഷ്‌പക്ഷമായ വിധി പ്രതീക്ഷിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജിയും നാളെ കോടതി പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്തമാരായ ജസ്റ്റിസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് നാളെ ഹര്‍ജിയില്‍ വിധി പറയുന്നത്.
സമയം കളയുന്നുവെന്ന് ലോകായുക്ത : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത നേരത്തെ വിധി പറയാൻ മാറ്റിയിരുന്നു. ഹർജിക്കാരൻ ലോകായുക്തയുടെ വിലപ്പെട്ട സമയം കളയുന്നുവെന്നാണ് നേരത്തെ ലോകായുക്തയുടെ മൂന്നംഗ ബഞ്ച് വിമർശിച്ചത്. കേസ് നീട്ടിക്കൊണ്ട് പോകുന്നതിൽ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാകുമെന്നും മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങൾ അന്വേഷിക്കാൻ കഴിയുമെന്നും ആയിരുന്നു ലോകായുക്തയുടെ നിരീക്ഷണം.
കേസിന്‍റെ നടപടിക്രമങ്ങൾ ശരിയായ രീതിയിലാണ് ഇപ്പോൾ പോകുന്നതെന്നും വിശാല ബഞ്ച് കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുക തന്നെ വേണമെന്നും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി വാദിച്ചു. ഹർജിക്കാരനായ ആർ എസ് ശശികുമാറും അദ്ദേഹത്തിന്‍റെ അഭിഭാഷകനായ ജോർജ് പൂന്തോട്ടവും അന്ന് ഹാജരായിരുന്നില്ല. പകരം ജൂനിയർ അഭിഭാഷകനായ സുബൈർ കുഞ്ഞാണ് ഹാജരായത്.
സുബൈർ കുഞ്ഞിനോട് ക്ഷുഭിതനായ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിയമം അറിയില്ലെങ്കിൽ വീണ്ടും എൽഎൽബിക്ക് പോകണമെന്നും പറഞ്ഞു. ഇടക്കാല ഹർജി നൽകിയത് കേസ് നീട്ടാനാണോ എന്ന് ലോകായുക്തയും ഉപ ലോകായുക്തമാരും ചോദിച്ചിരുന്നു. ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവിൽ ഇനി എന്ത് വ്യക്തതയാണ് വേണ്ടതെന്നും ഹൈക്കോടതിയിൽ പോയിട്ട് എന്തായെന്നും നിങ്ങൾ ഒരു അഭിഭാഷകനെ പോലെ പെരുമാറൂ എന്നും ലോകായുക്ത വിമർശിച്ചു. കുത്തിത്തിരിപ്പുണ്ടാക്കാൻ ഓരോ പരാതിയുമായി വരുന്നുവെന്നും ലോകായുക്ത കുറ്റപ്പെടുത്തിയിരുന്നു.
READ MORE: ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ഹർജിക്കാരനും അഭിഭാഷകനും ലോകായുക്തയുടെ രൂക്ഷ വിമർശനം