തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ വിമർശനങ്ങളിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടി ക്രമങ്ങൾ അനുസരിച്ച് മാത്രമേ പ്രതികരിക്കാനാകൂ. നിയമസഭയിലാണ് വിഷയം വന്നത്. സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ അന്വേഷണം വേണമെന്നവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതിനിടെ ഡിജിപി ലോക്‌നാഥ് ബെഹ്റ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്‌ച എന്നാണ് സൂചന. എഡിജിപി മനോജ് എബ്രഹാമും ഡിജിപിക്കൊപ്പം ഉണ്ടായിരുന്നു. ഡിജിപി മടങ്ങിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നിയമസഭയിലും സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ഉയർന്നപ്പോൾ അത് പിന്നെ പരിശോധിക്കാമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.