തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിനു മുന്നിൽ ഹാജരാകില്ല. അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരും.
മൂന്നാം തവണയാണ് നോട്ടീസ് നൽകിയ ശേഷവും രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകാതിരിക്കുന്നത്. കൊവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്നാണ് രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സതേടിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്‌ടർമാർ അടങ്ങുന്ന സംഘം ഇന്നലെ രവീന്ദ്രനെ വിശദമായി പരിശോധിച്ചിരുന്നു. ന്യൂറോ പ്രശ്‌നങ്ങളടക്കം ചികിത്സ തുടരേണ്ട സ്ഥിതിയിലാണ് നിലവിലുള്ളതെന്നാണ് ഡോക്‌ടർമാരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ രവീന്ദ്രനെ ഡിസ്‌ചാർജ് ചെയ്യില്ല.
രവീന്ദ്രൻ്റെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ആദ്യതവണ നോട്ടീസ് നൽകിയപ്പോൾ രവീന്ദ്രന് കൊവിഡ് പോസിറ്റീവായിരുന്നു. രണ്ടാമത്തെ നോട്ടീസ് ലഭിച്ച സമയത്താണ് കൊവിഡാനന്തര പ്രശ്‌നങ്ങളുടെ പേരിൽ രവീന്ദ്രനെ ആദ്യം മെഡിക്കൽ കോളജിൽ പ്രവേശിച്ചത്. തുടർന്നാണ് മൂന്നാം തവണയും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് നോട്ടീസ് നൽകിയത്.