തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ആശുപത്രി വിട്ടു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്‌ച രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിശദീകരണം.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് രവീന്ദ്രൻ ചികിത്സയിൽ കഴിഞ്ഞത്. രവീന്ദ്രന് തുടര്‍ ചികിത്സയും ഫിസിയോ തെറാപ്പിയും വിശ്രമവും വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നവംബര്‍ ആറിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി ആദ്യം സി.എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് ബാധിച്ച് നവംബര്‍ അഞ്ചിന് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.