തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ഒമ്പത്, മലപ്പുറം രണ്ട്, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗബാധ. കാസര്‍കോട്ടെ ആറ് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലത്തും മലപ്പുറത്തും രോഗം ബാധിച്ചവര്‍ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ രോഗമുക്തരാവുകയും ചെയ്‌തു. നിലവില്‍ 266 പേര്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് മൂലം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മരണമടഞ്ഞ 18 മലയാളികൾക്ക് അനുശോചനമറിയിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
രോഗവ്യാപനം തടയാന്‍ സംസ്ഥാനത്തിന് ഒരു പരിധി വരെ സാധിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ഫലപ്രദമാണ്. എന്നാല്‍ ലോകത്താകെയുള്ള സ്ഥിതിഗതികൾ ആശങ്കയുളവാക്കുന്നു. കേരളത്തില്‍ ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,52,804 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. കൊവിഡ് പ്രതിരോധത്തിന് ത്രിതല സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷം കിടക്കകൾ തയ്യാറാക്കി. കാസര്‍കോട് മെഡിക്കല്‍ കോളജിനെ നാല് ദിവസം കൊണ്ട് കൊവിഡ് ആശുപത്രിയാക്കി മാറ്റാന്‍ സാധിച്ചു. 20 കിടക്കകൾ, 10 ഐസിയു എന്നിവ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. 100 കിടക്കകൾ ഉടൻ സജ്ജമാക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളോടെ കേരളത്തിലെ രോഗികൾക്ക് കര്‍ണാടക അതിര്‍ത്തി തുറന്നുകൊടുക്കും. കൊവിഡ് രോഗികളല്ലാത്തവര്‍ക്കാണ് യാത്രാനുമതി. കര്‍ണാടകയുടെ പ്രത്യേക മെഡിക്കല്‍ സംഘം അതിര്‍ത്തിയില്‍ രോഗികളെ പരിശോധിച്ചതിന് ശേഷമാകും കടത്തിവിടുക.
സംസ്ഥാനത്ത് മികച്ച രീതിയിലാണ് സൗജന്യ റേഷന്‍ വിതരണം ചെയ്‌തത്. 81.45 ശതമാനം പേര്‍ സംസ്ഥാനത്ത് റേഷന്‍ വാങ്ങി. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഇത്രയും പേര്‍ക്ക് റേഷനെത്തിച്ചത് ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച റേഷന്‍ കടയുടമകളെയും ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവര്‍ത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രവാസികൾ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. 22 രാജ്യങ്ങളിലെ പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെട്ടു. ലോകകേരള സഭയിലെ പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം പ്രവാസികൾക്കായി ചെയ്യും. കൊവിഡ് 19 സംശയമോ രോഗബാധയോ ഉള്ള പ്രവാസികൾക്ക് അവിടെയുള്ള സന്നദ്ധ സംഘടനകൾ ക്വാറൻ്റൈന്‍ സംവിധാനത്തിനായി പ്രത്യേക കെട്ടിടം ലഭ്യമാക്കുമോയെന്ന് പരിശോധിക്കും. പ്രവാസികളുടെ കാര്യത്തിൽ ഇടപെടാൻ കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. പ്രവാസികൾക്ക് വിസാ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടണം, ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണം, ഗൾഫ് സ്‌കൂൾ മാനേജ്‌മെന്‍റുകൾ വിദ്യാര്‍ഥികളുടെ ഫീസ് അടയ്‌ക്കാന്‍ സമയം നല്‍കണം തുടങ്ങിയ കാര്യങ്ങൾ കത്തിൽ ആവശ്യപ്പെട്ടു. ലോക് ഡൗൺ കഴിഞ്ഞ് മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള പ്രോട്ടോക്കോൾ കത്തിൽ ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക് ഡൗണ്‍ കാലത്ത് ജനങ്ങളെ ഭയപ്പെടുത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കും. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നിർദേശം നൽകിയിട്ടുണ്ട്. പ്രൊഫഷണൽ നാടക സംഘങ്ങൾ, ഗാനമേള, തെയ്യം കലാകാരന്മാർ തുടങ്ങി പ്രതിസന്ധിയിലായ കലാകാരന്മാരെ അനുഭാവപൂർവം പരിഗണിക്കും. കലാകാരന്മാരുടെ ഈ മാസത്തെ പെൻഷൻ തുക ചൊവ്വാഴ്‌ച മുതൽ അക്കൗണ്ടിലെത്തും. ക്ഷേമനിധി ബോർഡ് ഒരു കോടി രൂപയാണ് കലാകാരന്മാർക്ക് വിതരണം ചെയ്യുന്നത്. ആഴ്‌ചയിലൊരു ദിവസം കമ്പ്യൂട്ടർ, മൊബൈൽ ഫോൺ സർവീസ് സെന്‍ററുകൾ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.