തിരുവനന്തപുരം: കൊച്ചിയിലെ കുസാറ്റിലെ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെയാകെ ഞെട്ടിക്കുന്നതാണ് കുസാറ്റിലെ ദുരന്തമെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ പേര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഫേസ് ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
- " class="align-text-top noRightClick twitterSection" data="">
ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം: 'നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവകലാശാല ക്യാമ്പസിൽ സംഭവിച്ചിരിക്കുന്നത്. മരണപ്പെട്ട നാലു വിദ്യാർഥികളുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ നിർദേശം നൽകി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും എറണാകുളത്തേയ്ക്ക് യാത്ര തിരിച്ചു. മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തുകയും ദുഃഖസൂചകമായി ഞായറാഴ്‌ച നവകേരള സദസിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കാൻ തീരുമാനമെടുക്കുകയും ചെയ്‌തു. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തു'മെന്നുമാണ് മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചത്.
ടെക്‌ഫെസ്റ്റിലെ ദുരന്തം: ഇന്ന് (നവംബര്‍ 25) വൈകുന്നേരത്തോടെയാണ് കുസാറ്റിലെ ടെക്‌ഫെസ്റ്റില്‍ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ മരിച്ചത്. ക്യാമ്പസ് ഓഡിറ്റോറിയത്തിലെ ഗാനമേളക്കിടെയായിരുന്നു സംഭവം. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും അടക്കം നാല് പേരാണ് മരിച്ചത്. 70 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പ്രശസ്‌ത ഗായിക നിഖിത ഗാന്ധിയുടെ ഗാന മേളക്കിടെയാണ് ദുരന്തം സംഭവിച്ചത് . ദുരന്തത്തില്‍ നിഖിത ഗാന്ധി അതീവ ദുഖം രേഖപ്പെടുത്തി.
നവകേരള സദസിലെ ആഘോഷം റദ്ദാക്കി: കൊച്ചിയിലെ കുസാറ്റ് ദുരന്തത്തിന് പിന്നാലെ നാളെ (നവംബര്‍ 26) നടക്കാനിരുന്ന സര്‍ക്കാരിന്‍റെ നവകേരള സദസ് റദ്ദാക്കി. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അടിയന്തര യോഗം ചേര്‍ന്നു. വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചു. ഇരു മന്ത്രിമാരും കളമശ്ശേരിയില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കും.