തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് നല്ല രീതിയില്‍ സമീപനം പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ സഹായിക്കുന്നവരാകണം പൊലീസെന്നും ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സമീപനമാണ് ഏറ്റവും പ്രധാനമായി സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
എന്നാല്‍ കുറ്റകൃത്യങ്ങളില്‍ യാതൊരുവിധ വിട്ടുവീഴ്‌ചയും പാടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതിക രംഗത്തെ വളര്‍ച്ചയുടെ ഭാഗമായി കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറുന്നുണ്ട്. വിദേശത്ത് നിന്നടക്കം ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നുവെന്നും ഇവയെല്ലാം തടയാന്‍ പൊലീസിന് കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കുറ്റാന്വേഷണത്തില്‍ കേരള പൊലീസ് കൈവരിച്ചിട്ടുളളത് അഭിമാനാര്‍ഹമായ നേട്ടമാണ്. പൊലീസിന്‍റെ സത്പേരും യശസും ഉയര്‍ത്തുന്ന രീതിയിലാകണം സേനാംഗങ്ങളുടെ പ്രവര്‍ത്തനം. പ്രളയം, കൊവിഡ് കാലങ്ങളില്‍ പൊലീസ് നടത്തിയത് അഭിമാനര്‍ഹമായ പ്രവര്‍ത്തനം ആയിരുന്നു.
അന്ന് ജനങ്ങളും പൊലീസിനെ നെഞ്ചേറ്റി. പൊലീസിനോടുള്ള ഭീതി ജനങ്ങള്‍ക്ക് മാറാന്‍ ദുരന്തകാലത്തെ സേവനം കാരണമായിട്ടുണ്ട്. ഈ സമീപനമാണ് തുടരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പൊലീസിന്‍റെ സമീപന രീതിയില്‍ വ്യത്യാസം ഈ കാലത്ത് വന്നിട്ടുണ്ട്. ഇത് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലനം പൂര്‍ത്തിയാക്കിയ 382 റിക്രൂട്ട് പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ പാസിങ് ഔട്ട് പരേഡിനെ അഭിവാദ്യം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.