തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് ചര്‍ച്ച ചെയ്യാന്‍ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത മാസം 20നാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. നിയമനങ്ങള്‍ പിഎസിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വഖഫിന്‍റെ ചുമതലയുള്ള മന്ത്രി വി.അബ്‌ദുറഹ്മാന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ഈ തീരുമാനത്തില്‍ ആശങ്കയറിയിച്ച സംഘടനകളുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ നിയമസഭ ബില്‍ പാസാക്കിയതിനെതിരെ മുസ്ലീം സംഘടനകള്‍ നേരത്തെ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു. സമസ്‌ത ഉള്‍പ്പെടെ ആശങ്ക പ്രകടിപ്പിച്ചതോടെ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയേ തീരുമാനം എടുക്കൂയെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ മന്ത്രി വി അബ്‌ദുറഹ്മാന്‍ നല്‍കിയ മറുപടി സമസ്‌ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകളെ അതൃപ്‌തരാക്കി. മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ സമസ്‌ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തത്തി. ചര്‍ച്ച നടത്താമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിരുന്നെന്നും വഖഫ് മന്ത്രിയുടെ പ്രസ്‌താവന ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലീം സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്. ഏപ്രില്‍ 20ന് തിരുവനന്തപുരത്താണ് യോഗം നടക്കുക. വഖഫ് നിയമന വിഷയത്തില്‍ മുസ്ലീം ലീഗ് രൂക്ഷ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ പറഞ്ഞ് പറ്റിച്ചെന്ന ആരോപണമാണ് മുസ്ലീം ലീഗ് ഉയര്‍ത്തുന്നത്. വഖഫ് നിയമനത്തില്‍ മുഖ്യമന്ത്രി നയം വ്യക്തമാക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ ആവശ്യപ്പെട്ടു.
വഖഫ് മന്ത്രി പറഞ്ഞതാണോ മുഖ്യമന്ത്രി പറഞ്ഞതാണോ ശരിയെന്ന് വ്യക്തമാക്കണം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ ആവശ്യപ്പെട്ടു.