തിരുവനന്തപുരം: ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് യുവാക്കള്‍ക്കിടയില്‍ പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഇടംനേടിയത് ചൂണ്ടിക്കാട്ടിയാണ് കുപ്രചരണം നടക്കുന്നത്. ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളില്‍ ഒന്നാണ് പിഎസ്‌സി. പരീക്ഷ നടത്തുന്നത് പിഎസ്‌സി നേരിട്ടാണ്. പുറത്ത് നിന്നുള്ള ഒരു ഇടപെടലും ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് മാറി മാറിവരുന്ന സര്‍ക്കാരുകള്‍ പിഎസ്‌സിയെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നത്. പിഎസ്‌സിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത് സര്‍ക്കാരിനെ വേട്ടയാടുന്നതിന്‍റെ ഭാഗമായാണ്. ശിവരഞ്ജിത്തിന്‍റെയും നസീമിന്റെയും പേര് പറഞ്ഞ് വേട്ടയാടുകയാണ്. ഇത് അംഗീകരിക്കാന്‍ പറ്റില്ല. എന്നാല്‍ വിമര്‍ശനങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കും. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തുന്നതിന് സര്‍ക്കാരിന് മടിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചിലര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പിഎസ്‌സിക്ക് നേരെ നടക്കുന്ന പ്രചരണവും ഇതിന്‍റെ ഭാഗമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കില്ല. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകും. എലിയെ പേടിച്ച് ഇല്ലം ചുടാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെട്ടിക്കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് മാസം തീവ്രയഞ്ജം നടത്തും. ഒരുലക്ഷത്തി ഇരുപത്തിയൊന്നായിരം ഫയലുകളാണ് വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത്. ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് അദാലത്തും തുടര്‍നടപടികളും സ്വീകരിക്കും.
പൊലീസുകാര്‍ എംഎല്‍എയെ മര്‍ദിച്ച സംഭവം നിര്‍ഭാഗ്യകരമാണെന്നും കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനെ പൊലീസ് മര്‍ദിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിക്ഷേപം ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിസാന്‍ കമ്പനി മുന്നോട്ട് വച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചു. നിസാനുമായി ബന്ധപ്പെടുന്നതിന് കെ ബിജു ഐഎഎസിനെ പ്രത്യേകം നിയമിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.