തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ലോഡ്‌ഷെഡ്ഡിങ് അടക്കമുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan). അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. ലോഡ്‌ഷെഡ്ഡിങ് (Load Shedding) ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കണണമെന്നും അതാണ് സര്‍ക്കാരിന്‍റെ (Government of kerala) തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് മാത്രം ആവശ്യമായ വൈദ്യുതി ഉത്‌പാദനം സാധ്യമാകില്ലെന്നുകണ്ട് വൈദ്യുതി കണ്ടെത്തുന്നതിന് മറ്റ് പദ്ധതികള്‍ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) നിര്‍ദേശം നല്‍കി. മഴ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതിനൊപ്പം പുറത്ത് നിന്നുള്ള മൂന്ന് വൈദ്യുതി കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് (Power crisis) കാരണമായത്. 465 മെഗാവാട്ടിന്‍റെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറാണ് സാങ്കേതിക പ്രശ്‌നം പറഞ്ഞ് റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്.
വിലകുറഞ്ഞ കരാറുകളില്‍ നിന്നും ഡിസംബര്‍ വരെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ താത്‌കാലിക അനുമതി നല്‍കിയെങ്കിലും കരാര്‍ റദ്ദായതിനാല്‍ കമ്പനികള്‍ വൈദ്യുതി നല്‍കിയിട്ടില്ല. കരാറിലെ യാഥാര്‍ഥ തുക ലഭിക്കണമെന്നും കല്‍ക്കരി കെഎസ്ഇബി ഉറപ്പുവരുത്തണം എന്നുമാണ് കമ്പനികളുടെ ആവശ്യം. 365 മെഗാവാട്ട് വൈദ്യുതിയാണ് ഈ കമ്പനികളില്‍ നിന്ന ലഭിച്ചിരുന്നത്. ഇവര്‍ പിന്‍മാറിയതോടെ വൈദ്യുതി ലഭ്യതയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
അടുത്ത മഴക്കാലത്ത് പകരം നല്‍കാമെന്ന് വ്യവസ്ഥ: അടിയന്തരമായി ബോര്‍ഡ് 200 മെഗാവാട്ടിനുള്ള ടെന്‍ഡര്‍ വിളിച്ചിരുന്നു. ഇത് സെപ്‌റ്റംബര്‍ അഞ്ചിന് തുറക്കും. ഇതില്‍ നിന്നും സെപ്‌റ്റംബര്‍ 20 മുതല്‍ വൈദ്യുതി ലഭിക്കുമെന്നാണ് വിവരം. അടുത്ത മഴക്കാലത്ത് പകരം നല്‍കാമെന്ന വ്യവസ്ഥയില്‍ 500 മെഗാവാട്ടിനുള്ള ടെന്‍ഡറും ബോര്‍ഡ് വിളിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും വലിയ അളവില്‍ മഴ കൂടി കുറഞ്ഞതോടെ അണക്കെട്ടുകളിലും ജലനിരപ്പ് കുറഞ്ഞു. ഇതേത്തുടര്‍ന്ന് ഉത്പാദനവും വലിയ അളവില്‍ കുറഞ്ഞിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് വഴികളാണ് സര്‍ക്കാറിന് മുന്നിലുളളത്.
ലോഡ്‌ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണത്തിലേക്ക് പോകുക അല്ലെങ്കില്‍ പുറത്തുനിന്നും ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുക. നിലവില്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്‌ഇബി മുന്നോട്ട് പോകുന്നത്. ഇതുമൂലം പ്രതിദിനം 10 കോടി രൂപയോളമാണ് ബോര്‍ഡിന് നഷ്‌ടമുണ്ടാകുന്നത്. ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ബോര്‍ഡ് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, നിയന്ത്രണം വേണ്ടെന്ന നിലപാട് മുഖ്യമന്ത്രി എടുത്തതോടെ മറ്റ് വഴികള്‍ തേടുകയാണ് കെഎസ്ഇബി. അടുത്ത മാസവും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
യൂണിറ്റിന് 19 പൈസയാകും സര്‍ചാര്‍ജ് ഈടാക്കുക. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മിഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുക. സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്‌മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കേന്ദ്രം നിര്‍ദേശിച്ചതില്‍ നിന്നും വ്യത്യസ്‌തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ടോട്ടെക്‌സ് മാതൃക ഒഴിവാക്കും.
നിശ്ചിത കാലയളവില്‍ പരിപാലനവും പ്രവര്‍ത്തനവും: സ്‌മാര്‍ട്ട് മീറ്ററിന്‍റെ വില, ഹെഡ് എന്‍ഡ് സിസ്റ്റം, മീറ്റര്‍ ഡാറ്റ മാനേജ്‌മെന്‍റ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ് ചാര്‍ജുകള്‍, മറ്റ് സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ്ങിനും സൈബര്‍ സെക്യൂരിറ്റിക്കുമുള്ള ചാര്‍ജുകള്‍, 93 മാസത്തേക്കുള്ള ഓപ്പറേഷന്‍ ആന്‍ഡ് മെയ്‌ന്‍റനന്‍സ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടോട്ടെക്‌സ് മാതൃക. ഇതിനായി ചെലവഴിക്കുന്ന തുക 93 പ്രതിമാസ തവണകളായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. നിശ്ചിത കാലയളവില്‍ പരിപാലനവും പ്രവര്‍ത്തനവും ഏജന്‍സിയെ ഏല്‍പ്പിക്കുന്ന ഈ മാതൃക നടപ്പാക്കുന്നതിനോട് സംസ്ഥാനത്തെ തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ വിയോജിച്ചിരുന്നു.
പുതിയ സംവിധാനത്തില്‍ ബില്ലിങ്, അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്കുള്ള സോഫ്റ്റ്‌വെയര്‍ കെഎസ്ഇബി തന്നെ രൂപപ്പെടുത്തും. കെ - ഫോണ്‍ വന്നതോടെ കെഎസ്ഇബിക്ക് സൗജന്യമായി നല്‍കിയ ഫൈബര്‍ ഒപ്റ്റിക്ക് കേബിള്‍ ഉപയോഗിച്ച് വിവര വിനിമയം നടത്തും. കെഎസ്ഇബി ഡാറ്റ സെന്‍റര്‍ ഉപയോഗിച്ച് ഡാറ്റ സ്റ്റോറേജും നടത്താവുന്നതാണ്. പഴയ മീറ്റര്‍ മാറ്റി സ്‌മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്ന ജോലി കെഎസ്ഇബി ജീവനക്കാര്‍ തന്നെ നടത്തും. കെഎസ്ഇബിയുടെ നിലവിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും സ്‌മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കില്ല.
ആദ്യഘട്ടം എന്ന നിലയില്‍ വ്യവസായ - വാണിജ്യ ഉപയോക്താക്കള്‍ക്കാണ് സംവിധാനം ഏര്‍പ്പെടുത്തുക. മൂന്ന് ലക്ഷത്തില്‍ താഴെ പേരെയാണ് ഈ സംവിധാനത്തിന്‍റെ ഭാഗമാക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശ്ശിക ഈ വര്‍ഷം ഡിസംബറിനുള്ളില്‍ നല്‍കാനാകുമോ എന്ന കാര്യം ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.