തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളിന്‍റെ സുരക്ഷ പ്രധാനമായി കാണണമെന്നും അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ തുറക്കല്‍ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം.
പിടിഎയുടെ നേതൃത്വത്തില്‍ ജനകീയ സന്നദ്ധപ്രവര്‍ത്തനം നടത്തി സ്‌കൂള്‍ ശുചീകരിക്കണം. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, റസിഡണ്ട് അസോസിയേഷനുകള്‍, അധ്യാപക-വിദ്യാര്‍ഥി-ബഹുജന സംഘടനകള്‍ മുതലായവയെ സഹകരിപ്പിക്കണം. സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം അറിയിച്ചു.
ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്‌ത് സ്‌കൂളും പരിസരവും സുരക്ഷിതമാക്കണം. സ്‌കൂളുകളില്‍ വിതരണം ചെയ്‌തിട്ടുള്ള ഐ.ടി ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഹാര്‍ഡ്‌വെയര്‍ ക്ലിനിക്ക് നടത്തി കമ്പ്യൂട്ടറുകളുടെയും ഇതര ഐടി ഉപകരണങ്ങളുടെയും പരിശോധന പൂര്‍ത്തീകരിച്ച് അറ്റകുറ്റ പണികള്‍ ആവശ്യമെങ്കില്‍ നടത്തണം.
അപകടകരമായ സാഹചര്യം പരിശോധിക്കണം: പൂര്‍ണമായും ഉപയോഗശൂന്യമായവ ഒഴിവാക്കണം. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്‌സ് എന്നിവ നീക്കം ചെയ്യണം. സ്‌കൂളിലേക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്‌റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കണം.
കുടിവെള്ള സ്രോതസുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ അടക്കമുള്ള ജല ശുചീകരണ നടപടികള്‍ പൂര്‍ത്തിയാക്കണം. കുടിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തണം. സ്‌കൂളിനടുത്തുള്ള വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാഭിത്തികള്‍ നിര്‍മിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് ശ്രദ്ധിക്കണം. സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം.
സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന: സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. റെയില്‍ ക്രോസിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുളള സംവിധാനം ഒരുക്കണം. ദുരന്ത ലഘൂകരണത്തിന് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും മതിയായ പരിശീലനം ലഭ്യമാക്കണം.
പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി മോക്ക് ഡ്രില്‍ സംഘടിപ്പിക്കണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെളളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തണം. അക്കാദമിക മികവ് ഉയര്‍ത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇതിനായി ആവിഷ്‌കരിച്ച പ്രധാന പ്രവര്‍ത്തനമായ അക്കാദമിക മാസ്‌റ്റര്‍ പ്ലാന്‍ തുടരേണ്ടതുണ്ട്. എല്ലാ വിദ്യാലയങ്ങളും ജൂണ്‍ 15നകം നവീകരിച്ച അക്കാദമിക മാസ്‌റ്റര്‍ പ്ലാന്‍ പ്രകാശിപ്പിക്കണം. നാലാം ക്ലാസ് പൂര്‍ത്തീകരിക്കുമ്പോഴേക്കും മുഴുവന്‍ കുട്ടികളും എഴുത്തിലും കണക്കിലും മികവ് പുലര്‍ത്തുമെന്ന് ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സമഗ്രശിക്ഷാ കേരളം ഇതിന് മുന്‍കയ്യെടുക്കണം. പാഠ പുസ്‌തകങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ സൂക്ഷ്‌മമായി പരിശോധിച്ച് പാഠപുസ്‌തകങ്ങള്‍ ലഭ്യമായി എന്ന് ഉറപ്പാക്കണം. മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പ്രവര്‍ത്തന പാക്കേജ് വികസിപ്പിക്കണം. തീരദേശ നിവാസികളായ മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കണം.
ഗോത്ര വിദ്യാര്‍ഥികള്‍ക്ക് ഗോത്ര ഭാഷയില്‍ ക്ലാസ്: പഠന പിന്തുണയ്ക്കായി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കണം. ഗോത്ര വിദ്യാര്‍ഥികള്‍ക്ക് ഗോത്ര ഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാന്‍ അവസരം നല്‍കുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും മെന്‍റര്‍ ടീച്ചര്‍മാരെ നിയമിച്ചിരുന്നു. സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ മെന്‍റര്‍ ടീച്ചര്‍മാര്‍ സ്‌കൂളിലെത്തുമെന്ന് ഉറപ്പാക്കണം.
സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്‌തുക്കളുടെ വില്‍പനയും ഉപയോഗവും നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എക്‌സൈസും പൊലീസും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു, എംബി രാജേഷ്, കെ.രാധാകൃഷ്‌ണന്‍ ചീഫ് സെക്രട്ടറി വി പി ജോയി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.