തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു ആക്ഷേപവും നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് ഉയര്‍ത്താനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടലുണ്ടായി ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്നും അതില്‍ നിന്ന് മുതലെടുപ്പ് നടത്താമെന്നും കണക്കു കൂട്ടി നടന്നവരാണിവരെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിമര്‍ശിച്ചു. പ്രതിപക്ഷം, വിഷയ ദാരിദ്ര്യം ഇതുപോലെ അനുഭവിച്ച മറ്റൊരു ഘട്ടമില്ലെന്നും നിയമസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
'ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ എന്തോ അവിശുദ്ധ ബന്ധം എന്നാണ് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുള്ളപ്പോള്‍ അതിനെതിരെ നിവേദനവുമായി രാജ്ഭവനില്‍ പോയവരാണിവര്‍. അങ്ങനെ മോഹിച്ച് ഗവര്‍ണറുടെ പക്ഷം ചേര്‍ന്നാല്‍ തങ്ങള്‍ ഒപ്പമുണ്ടാകില്ലെന്ന് യുഡിഎഫിലെ പ്രധാന കക്ഷിക്ക് പറയേണ്ടി വന്നതു കണ്ടവരാണ് നമ്മള്‍'.
'എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം നിലപാട് വ്യക്തമാണ്. ഗവര്‍ണര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ എല്ലാ പിന്തുണയും നല്‍കും. വിയോജനാഭിപ്രായങ്ങളുണ്ടായാല്‍ സ്ഥാനത്തോടുള്ള ആദരവ് നിലനിര്‍ത്തി അക്കാര്യം അറിയിക്കുകയും ചെയ്യും'-മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
'ഏറ്റവും ഒടുവിലെ കേന്ദ്ര ബജറ്റില്‍ കേരളത്തെ ക്രൂരമായി അവഗണിച്ചിട്ടും കേരളത്തിനു വേണ്ടി വാദിക്കാന്‍ നിങ്ങളുടെ 18 പ്രതിനിധികള്‍ തയ്യാറായില്ല. എന്തെങ്കിലും കിട്ടുമെങ്കില്‍ അത് മുടക്കുന്ന കാര്യത്തിലേ പ്രതിപക്ഷത്തിനു താത്പര്യമുള്ളൂ. മുടക്കു നിവേദനങ്ങളുമായി എത്തുന്ന കോണ്‍ഗ്രസും മുടക്കു നിവേദനം സ്വീകരിച്ച് അംഗീകരിക്കുന്ന കേന്ദ്ര ബിജെപി ഭരണവും തമ്മിലാണ് അവിശുദ്ധ ബന്ധമുള്ളത്'.
'നിങ്ങളെ തെരഞ്ഞെടുത്തയച്ചു എന്ന കുറ്റത്തിന് എന്തിനിങ്ങനെ കേരളത്തെ ശിക്ഷിച്ചു എന്ന ചോദ്യം മുന്‍നിര്‍ത്തി നിങ്ങളെ കേരള ജനത വിചാരണ ചെയ്യും. കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നത് കയ്യും കെട്ടി കണ്ടു നില്‍ക്കുക മാത്രമല്ല, കയ്യടിച്ചു രസിക്കുക കൂടിയാണ് പ്രതിപക്ഷം. ഇതെല്ലാം കണ്ടു നില്‍ക്കുന്ന ജനങ്ങള്‍ സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുനരാലോചിക്കും'-മുഖ്യമന്ത്രി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് വികാരം പടര്‍ത്തിയാല്‍ ഏതു വിധേനയും ജയിച്ചു കയറാമെന്ന പഴയ സ്ഥിതി രക്ഷയ്ക്കുവരുമെന്ന് കരുതരുത്. ആ കാലം മാറി. 1950 കളിലെ പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി കെട്ടിപ്പൊക്കാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഏഴു പതിറ്റാണ്ടു കൊണ്ടുണ്ടായ കേരളത്തിന്‍റെ രാഷ്‌ട്രീയ മാറ്റം നിങ്ങള്‍ക്കു മനസിലായില്ലെന്നേ പറയാനുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.