തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലകളിലെ ഇടപെടൽ, ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവയ്ക്കൽ തുടങ്ങി വിവാദ വിഷയങ്ങൾ എണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഗവർണർ സ്വയം സർക്കാരാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയെ നോക്കുകുത്തിയാക്കാമെന്നാണ് ചിലർ കരുതുന്നത്. ഇത് നിയമസഭയുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ അധികാരവും തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ചിലർ കരുതുന്നത്. അതുകൊണ്ടാണ് മന്ത്രിയിലുള്ള പ്രീതി പിൻവലിച്ചത്. എന്നാൽ ഇതൊന്നും ഇവിടെ വില പോകില്ല.
ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി: ഗവർണർ പൊലീസിന് നിർദേശം നൽകുകയാണ്. അതിന് ഇവിടെ സർക്കാരുണ്ട്. അത്തരം അധികാരമുണ്ടെന്ന ചിന്ത മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചാൻസലർ സ്ഥാനത്തിരുന്ന് പറയുന്നതും ചെയ്യുന്നതും ശരിയല്ല. ജുഡീഷ്യറിക്കും മുകളിലെന്നാണ് ഗവർണറുടെ ചിന്തയെന്നും മുഖ്യമന്ത്രി വിമർശിച്ചു.
യൂണിവേഴ്‌സിറ്റി ആക്‌ട് പ്രകാരമേ ചാൻസലർക്ക് വിസിമാർക്കെതിരെ നടപടിയെടുക്കാൻ കഴിയൂ. ഇടപെടാനുള്ള ഒരിടവും നിയമം അനുവദിക്കുന്നില്ല. വിസിമാരോട് രാജി വയ്ക്കണമെന്ന കൽപ്പന കോടതി പോലും അംഗീകരിച്ചില്ല. ഇതൊന്നും കേരളത്തിൽ നടക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറിനെ കുത്തിനിറയ്ക്കാൻ ശ്രമം: സർവകലാശാലകളിലെ നേട്ടങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അതിനെ ചെറുത്ത് തോൽപ്പിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറുകാരെ കുത്തി നിറയ്ക്കാനാണ് രാജ്യവ്യാപകമായി ശ്രമം നടക്കുന്നത്. സംഘപരിവാറുകാരെ തപ്പിയെടുത്ത് വിസിമാരാക്കുകയാണ്. ഇതിനാണ് കേരളത്തിലും ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സർവകലാശാലയിലെ സെനറ്റിൻ്റെ ഒരു യോഗം ചേരാത്തതിന് അംഗങ്ങളെ പുറത്താക്കിയത് കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. ചാൻസലർ എന്ന നിലയിലെ തെറ്റായ പ്രവർത്തനം ഗവർണർ സ്ഥാനത്തിരുന്ന് സംരക്ഷിക്കാം എന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധികാരത്തിലേക്കുള്ള കടന്നുകയറ്റം: ബില്ലുകളും ഓർഡിനൻസുകളും വായിക്കാതെ ഒപ്പിടില്ലെന്ന് പറയുകയാണ് ഗവർണർ ചെയ്യുന്നത്. വായിക്കാതെ ബില്ലിലെ വിവരങ്ങൾ അറിയാൻ ദിവ്യദൃഷ്‌ടിയില്ല. നിയമസഭയുടെ അധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണ് ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കാൻ ഭരണഘടന അനുവദിക്കുന്നില്ല. ഇതെല്ലാം ഗവർണർ മനസിലാക്കണം. അതിനുള്ള
മാനസിക നിലയുണ്ടാക്കി ഗവർണർ ഇക്കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം.