തിരുവനന്തപുരം: മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ വിശ്വസ്‌തതയ്‌ക്ക് കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പൊന്നുമില്ലാത്ത തരത്തിലാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത്.
പഴയ കാലത്തെ പോലെ മുന്നില്‍ കാണുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്ന കാലം മാറിയെന്നും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളുടെ കാലമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ മേഖലയിലെ ഇപ്പോഴുള്ള നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെങ്കില്‍ അത് സ്വയം ചെയ്യണം. വസ്‌തുതകളുമായി ബന്ധമില്ലാത്ത സാങ്കല്‍പ്പിക വാര്‍ത്തകള്‍ വരുന്നുവെങ്കില്‍ ഇങ്ങനെ തുടരാമോ എന്ന സ്വയം വിലയിരുത്തല്‍ വേണം.
തെറ്റായ വാര്‍ത്ത നല്‍കിയാല്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും മാധ്യമങ്ങള്‍ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കുറ്റകൃത്യങ്ങള്‍ അറിഞ്ഞാല്‍ അത് നിയമപാലകരെ അറിയിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ ചെയ്യേണ്ടത്. എന്നാല്‍ കുറ്റകൃത്യം വാര്‍ത്തയാക്കാനാണ് ഇവിടെ മാധ്യമങ്ങള്‍ മത്സരിക്കുന്നത്.
കുറ്റവാളികളുമായി പൊരുത്തപ്പെടലും ധാരണയും ഉണ്ടാക്കുന്ന സ്ഥിതിയുണ്ട്. മാധ്യമങ്ങളിലേക്ക് വന്‍തോതില്‍ കോര്‍പ്പറേറ്റ് മൂലധനം ഒഴുകുന്നുണ്ട്. അതുവഴി ജനാധിപത്യത്തെ പ്രത്യേക രീതിയില്‍ അട്ടിമറിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.