തിരുവനന്തപുരം : ലോക ചാമ്പ്യൻഷിപ്പിൽ ദീർഘദൂര കുതിരയോട്ടം (equestrian world endurance championship) പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം കരസ്ഥമാക്കിയ നിദ അൻജും കേരളത്തിന്‍റെയും രാജ്യത്തിന്റെയും അഭിമാനമായി മാറിയെന്നും കായികമേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഇത് പ്രചോദനം പകരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan Congratulated Nida Anjum). ഫ്രാൻസിൽ നടന്ന 120 കിലോമീറ്റർ ദീർഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിലാണ് മലപ്പുറം കൽപ്പകഞ്ചേരി സ്വദേശിയായ നിദ അൻജും നേട്ടം കൊയ്‌തത്. 7.29 മണിക്കൂറിലാണ് ഈ 21 കാരി ചരിത്ര നേട്ടം കൈവരിച്ചത്.
ഒരേ കുതിരയുമായി രണ്ടു വർഷത്തിനിടെ 120 കിലോമീറ്റർ ദൂരം രണ്ടു വട്ടം മറികടന്നാലാണ് ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത നേടാനാവുക. രണ്ടു കുതിരകളുമായി നാലുവട്ടം ദൂരമാണ് നിദ പിന്നിട്ടത്. 120 കിലോമീറ്റർ പിന്നിടുന്നതിനിടെ നാല് ഘട്ടങ്ങളിൽ ഓരോന്നിലും വെറ്ററിനറി ഡോക്‌ടർമാർ കുതിരയെ പരിശോധിക്കും.
കുതിരയ്ക്ക് യാതൊരു പോറലും ഏൽക്കാതെ വേണം റൈഡ് നടത്താൻ. 25 രാജ്യങ്ങളിലെ 70 മത്സരാർഥികളുമായി എപ് സിലോൺ സലോ എന്ന കുതിരയുമായാണ് നിദ റൈഡിനിറങ്ങിയത്. ഇനിയും മികവിലേയ്ക്കുയരാനും കൂടുതൽ വിജയങ്ങൾ നേടാനും നിദയ്ക്കാകട്ടെ, മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആശംസിച്ചു.
യുകെയിലെ ബക്കിങ്ഹാം സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദവും റഫാൾസ് വേൾഡ് അക്കാദമിയിൽ നിന്ന് ഡിപ്ലോമയും നിദ കരസ്ഥമാക്കിയിട്ടുണ്ട്. പിതാവ് റീജൻസി ഗ്രൂപ്പ് എംഡി ഡോക്‌ടർ അൻവർ അമീൻ ചേലാട്ട്. മാതാവ് മിൻഹത്ത് അൻവർ. സഹോദരി ഫിദ അൻജും.
- " class="align-text-top noRightClick twitterSection" data="">
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് : ഫ്രാൻസിൽ നടന്ന ദീർഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്ത മലപ്പുറം കൽപ്പകഞ്ചേരി സ്വദേശിയായ നിദ അൻജുമിനു ഹാർദ്ദമായ അഭിനന്ദനങ്ങൾ. ലോക ചാമ്പ്യൻഷിപ്പിൽ ദീർഘദൂര കുതിരയോട്ടം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം കൂടി കരസ്ഥമാക്കിയ നിദ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറി. കായികമേഖലയിലേയ്ക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഇത് പ്രചോദനം പകരും. ഇനിയും മികവിലേയ്ക്കുയരാനും കൂടുതൽ വിജയങ്ങൾ നേടാനും നിദയ്ക്കാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.