തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തത്തിൽ ഉന്നത തലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് യോഗം. തദ്ദേശ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുളളവര്‍ യോഗത്തിൽ പങ്കെടുക്കും. തീപിടിത്തത്തെ ചൊല്ലി ഏഴാം ദിനവും വിവാദം കനക്കുന്നതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്.
മാലിന്യ പ്ലാന്‍റിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ മാലിന്യ പ്ലാന്‍റിൽ നിന്നുള്ള വിഷപ്പുക ശമനമില്ലാതെ തുടരുകയാണ്. ഇതിനിടെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം മനുഷ്യ നിർമിതമോ എന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചിരുന്നു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസും എടുത്തിരുന്നു. ഖരമാലിന്യ സംസ്‌കരണം നേരിട്ട് വിലയിരുത്തുമെന്ന് പറഞ്ഞ കോടതി, ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിൽ ഖരമാലിന്യ സംസ്കരണം കാര്യക്ഷമാക്കാനും തീരുമാനിച്ചിരുന്നു.
അടിമുടി വിമര്‍ശനം: ബ്രഹ്മപുരത്ത് മലിനീകരണ നിയന്ത്രണ ബോർഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചില്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു. വിഷയത്തിൽ ബോർഡ് സമർപ്പിച്ച രേഖകൾ യാഥാർഥ്യത്തിൽ നിന്നും ഏറെ അകലെയാണെന്നും ബ്രഹ്മപുരത്തെ തൽസ്ഥിതിയും പരിഹാര നിർദേശങ്ങളും, മലിനീകരണ നിയന്ത്രണ ബോർഡും കൊച്ചി നഗരസഭയും ബുധനാഴ്ച അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം വിഷയത്തില്‍ ജില്ല കലക്‌ടർ ഹാജരാകാത്തതിൽ കോടതി അതൃപ്‌തിയും രേഖപ്പെടുത്തിയിരുന്നു.
നാലുപേരെ സ്ഥലംമാറ്റി: എന്നാല്‍ മാലിന്യ പ്ലാന്‍റിന്‍റെ തീപിടിത്തം വിവാദമായ പശ്ചാത്തലത്തില്‍ പ്ലാന്‍റ് സ്ഥിതിചെയ്യുന്ന എറണാകുളം ജില്ലയിലെ കലക്‌ടർ രേണു രാജിനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. രേണു രാജ് ഉള്‍പ്പെടെ നാല് ജില്ല കലക്‌ടര്‍മാരെ സ്ഥലം മാറ്റാനാണ് ഇന്നുചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇതോടെ ചീഫ് സെക്രട്ടറിയുടെ സ്‌റ്റാഫ് ഓഫിസറായിരുന്നു എന്‍.എസ് ഉമേഷ് എറണാകുളം ജില്ല കലക്‌ടറാകും. അതേസമയം സംസ്ഥാനത്തെ മികച്ച കലക്‌ടറായി റവന്യു വകുപ്പ് തെരഞ്ഞെടുത്ത വയനാട് ജില്ല കലക്‌ടര്‍ എം.ഗീതയ്ക്ക് പകരമാണ് രേണു രാജിന്‍റെ പുതിയ നിയമനം. പകരം എം.ഗീതയെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി. എന്‍.എസ് ഉമേഷിന് പകരം ചീഫ് സെക്രട്ടറിയുടെ സ്‌റ്റാഫ് ഓഫിസറായി സ്‌നേഹില്‍ കുമാറിനെയും നിയമിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ ആലപ്പുഴ ജില്ല കലക്‌ടര്‍ വി.ആര്‍ കൃഷ്‌ണതേജ മൈലവരപ്പിനെ തൃശൂര്‍ ജില്ല കലക്‌ടറായി സര്‍ക്കാര്‍ മാറ്റി നിയമിച്ചിട്ടുണ്ട്. പകരം തൃശൂര്‍ ജില്ല കലക്‌ടറായിരുന്ന ഹരിത വി കുമാറാണ് ആലപ്പുഴയുടെ പുതിയ കലക്‌ടര്‍.
പുകയിലെ രാഷ്‌ട്രീയം: മാലിന്യ പ്ലാന്‍റിലെ പുക കാരണം കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേർ ദേഹാസ്വസ്ഥവും ശ്വാസം മുട്ടലും മൂലം ചികിത്സ തേടുന്നുണ്ട്. ഇതിനിടെ ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീ കരാറുകാർ പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നും തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. സ്ഥിതി നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും സതീശൻ പറഞ്ഞിരുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ബയോമൈനിങ്ങ് കരാർ സിപിഎം നേതാവ് വൈക്കം വിശ്വന്റെ മകന്‍റെ കമ്പനിക്കാണ്. എന്നാൽ കരാറിനായി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ദുരൂഹതയുണ്ടെങ്കിൽ പ്രതീക്ഷിക്കണമെന്നുമാണ് വൈക്കം വിശ്വന്‍റെ പ്രതികരണം. വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും പാർട്ടിക്ക് തുറന്ന നിലപാടാണുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു.