തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് (01.10.2022) വിദേശത്തേക്ക് സന്ദർശനം നടത്തും. യൂറോപ്പിലേക്കാണ് സന്ദര്‍ശനം നടത്തുന്നത്. 14 ദിവസത്തെ വിദേശ സന്ദര്‍ശനത്തില്‍ ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം സന്ദര്‍ശിക്കുന്നത്.
ആദ്യ യാത്ര ഫിന്‍ലൻഡിൽ: സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ, വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിശദീകരണം. ഡൽഹിയില്‍ നിന്നും ഫിന്‍ലൻഡിലേക്കാണ് ആദ്യ യാത്ര. കേരളവും ഫിന്‍ലൻഡും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്.
കേരളത്തിലേക്ക് നിക്ഷേപ സാധ്യതകൾ തേടും: നേരത്തെ കേരളത്തിലെത്തിയ ഫിന്‍ലന്‍ഡ് പ്രതിനിധികളുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. അവിടെയുള്ള പ്രീസ്‌കൂളും സംഘം സന്ദര്‍ശിക്കും. കൂടാതെ ഫിന്‍ലൻഡിലെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികള്‍ സന്ദര്‍ശിച്ച് കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതകളും തേടും. മൊബൈല്‍ നിര്‍മാണ കമ്പനിയായ നോക്കിയയുടെ എക്‌സിക്യൂട്ടീവ് എക്‌സ്‌പീരിയന്‍സ് സെന്‍റർ സംഘം സന്ദര്‍ശിക്കും. സൈബര്‍ രംഗത്തെ സഹകരണത്തിനായി ഫിന്‍ലന്‍ഡിലെ വിവിധ ഐടി കമ്പനികളുമായും ചര്‍ച്ച നടത്തും.
പ്രകൃതിക്ഷോഭങ്ങൾക്ക് പ്രതിരോധമാർഗം പരിശോധിക്കും: ടൂറിസം മേഖലയിലെയും ആയുര്‍വേദ രംഗത്തെയും സഹകരണം ആസൂത്രണം ചെയ്യാനും വിവിധ കൂടിക്കാഴ്‌ചകള്‍ നിശ്ചയിച്ചിട്ടുണ്ട്. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതാണ് നോര്‍വെ സന്ദര്‍ശനം. നോര്‍വീജിയന്‍ ജിയോടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകള്‍ പരിശോധിക്കും.
സന്ദർശന പട്ടികയിൽ ഇംഗ്ലണ്ടും വെയ്‌ൽസും: ഇംഗ്ലണ്ടും വെയ്‌ൽസുമാണ് സന്ദര്‍ശിക്കുന്ന മറ്റ് രണ്ടിടങ്ങള്‍. വെയ്‌ല്‍സിലെ ആരോഗ്യം ഉള്‍പ്പെടെയുളള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി മന്ത്രിതല ചര്‍ച്ചകള്‍ നടത്തും. മൂന്നാം ലോകകേരളസഭയുടെ തുടര്‍ച്ചയായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക യോഗത്തിലും മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കും.
വ്യവസായികളുമായി കൂടിക്കാഴ്‌ച: സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക വ്യവസായികളുമായി നിക്ഷേപ സൗഹൃദ സംഗമം സംഘടിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്‌ദുറഹ്മാന്‍ നോര്‍വെയിലും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് യുകെയിലും മുഖ്യമന്ത്രിക്കൊപ്പം ചര്‍ച്ചകളില്‍ പങ്കാളികളാകും. വ്യവസായമന്ത്രി പി രാജീവ് നോര്‍വെയിലും യുകെയിലും സന്ദര്‍ശന സമയത്ത് മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
മുഖ്യമന്ത്രിക്കൊപ്പം കുടുംബവും: ഒക്ടോബര്‍ 14നാകും സന്ദര്‍ശനം പൂര്‍ത്തിയാകുക. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ വിജയന്‍, ചെറുമകന്‍ എന്നിവരെയും വിദേശ സന്ദര്‍ശന സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശനത്തിന്‍റെ വീഡിയോ കവറേജിനായി ഇന്ത്യന്‍ എംബസി വഴി ഏഴ് ലക്ഷം രൂപ ചെലവിട്ട് പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.