തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്ക, ക്യൂബ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നു. ജൂൺ മാസത്തിലാകും മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം. ജൂൺ എട്ട് മുതൽ 18 വരെയാണ് സന്ദർശനം നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.
യാത്രാസംഘത്തില്‍ ആരെല്ലാം : കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിച്ച ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. വിദേശ സന്ദർശനത്തിനായി ഉടൻ തന്നെ കേന്ദ്ര അനുമതി തേടും. മുഖ്യമന്ത്രിയെ കൂടാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണ ജോർജ്, സ്‌പീക്കർ എ.എൻ ഷംസീർ, നോർക്ക റൂട്ട്സ് ചെയർമാൻ പി.ശ്രീരാമകൃഷ്‌ണൻ തുടങ്ങിയ പതിനൊന്നംഗ സംഘമാണ് വിദേശത്തേക്ക് പോകുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയേയും സന്ദർശകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദേശയാത്ര ഇങ്ങനെ : അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ജൂൺ ഒമ്പത് മുതൽ 11 വരെ നടക്കുന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തിൽ മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കും. ഇതുകൂടാതെ ലോക ബാങ്കുമായും അമേരിക്കയിൽ ചർച്ച നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതൽ വികസന പദ്ധതികൾക്കായി ലോക ബാങ്കിന്‍റെ സഹായം തേടാനാണ് ഈ ചർച്ച.
അമേരിക്കൻ സന്ദർശനത്തിനുശേഷമാകും ക്യൂബയിലേക്ക് മുഖ്യമന്ത്രിയും സംഘവും പോവുക. ക്യൂബയിൽ മാത്രമാണ് ആരോഗ്യമന്ത്രി വീണ ജോർജ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. പതിനൊന്നംഗ സംഘത്തിന്‍റെ യാത്രയും മറ്റ് അനുബന്ധ ചെലവുകളും നോർക്ക വകുപ്പാണ് വഹിക്കുന്നത്. ഇവരുടെ യാത്രയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി.
അനുമതി നേടല്‍ എന്ന കടമ്പ : എന്നാല്‍ ഈ നിശ്ചയിച്ചിരിക്കുന്ന യാത്രയ്ക്ക് കേന്ദ്ര അനുമതി ലഭിക്കുമോ എന്നതിലാണ് ആകാംക്ഷ. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് കേന്ദ്രസർക്കാർ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. മറ്റൊരു രാജ്യത്ത് നിന്ന് വിദേശകാര്യ മന്ത്രാലയം വഴിയോ കൗൺസിലേറ്റ് വഴിയോ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ക്ഷണം നൽകണം എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ എടുത്ത നിലപാട്. യുഎഇയിൽ നിന്ന് ഇത്തരമൊരു അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്നുമാണ് വിവരം. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫിസിനേയും അറിയിച്ചിട്ടുമുണ്ട്.
അതേസമയം അബുദാബി നാഷണൽ എക്‌സിബിഷൻ സെന്‍ററിൽ നടക്കുന്ന നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം യാത്ര ചെയ്യാനിരുന്നത്. എന്നാൽ വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാതെ വന്നതോടെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാനാണ് നിലവിലെ തീരുമാനം.
വിമര്‍ശനവുമായി കെ.സുധാകരന്‍ : എന്നാല്‍ മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തത് ദുരൂഹമാണെന്നറിയിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദര്‍ശനത്തിന് എന്തുകൊണ്ടാണ് ഇത്തരത്തില്‍ അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തത വരുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണ ഗതിയില്‍ കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ ശക്തമായി രംഗത്തുവരാറുള്ള മുഖ്യമന്ത്രി നിലവില്‍ നിശബ്‌ദനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.