തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മാനേജ്മെന്‍റ് ചുമതലകൾ വികേന്ദ്രീകരിക്കുന്നത് നടപ്പിലായില്ലെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയിൽ മേഖല തലത്തിൽ വികേന്ദ്രീകരണം ആവശ്യമാണെന്നും അവർക്കാവശ്യമായ അധികാരം കൈമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസി സ്വിഫ്റ്റിലേക്ക് വാങ്ങിയ 131 സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മേഖല തലത്തിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ പറ്റിയ ആളുകൾ തലപ്പത്ത് ഉണ്ടാവണം. പറയുമ്പോൾ യോജിച്ചാൽ മാത്രം പോര പ്രവർത്തിയിലും വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രീകൃത രീതിയിലാണ് ഇപ്പോഴും കാര്യങ്ങൾ നടക്കുന്നത്. ചില ശീലങ്ങളിൽ നിന്ന് വിട്ട് പോകാൻ ചിലർക്ക് വിഷമമുണ്ട്. അതിന് മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിലെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാർക്കെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാർ എല്ലാ അർഥത്തിലും ആ ചുമതല നിർവഹിക്കണം. അതിനുള്ള യോഗ്യതയും ശേഷിയും ഉണ്ടാവുകയാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വസ്‌തുതാവിരുദ്ധമായത് പ്രചരിപ്പിക്കരുത്': കെഎസ്ആർടിസിയെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നടക്കുകയാണ്. വകുപ്പിന് പുതിയ ബസുകൾ വരും. നല്ല രീതിയിലാണ് കെഎസ്ആർടിസി മുന്നോട്ട് പോകുന്നത്. പ്രതീക്ഷിച്ച ഫലം വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പള വിതരണം സംബന്ധിച്ച് വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ശമ്പളം നൽകുന്നില്ല എന്നത് വ്യാജ പ്രചരണമാണ്. നിലവിൽ കെഎസ്ആർടിസിയിൽ ശമ്പള കുടിശിക ഇല്ല. മാർച്ച് മാസത്തെ ശമ്പളം സമയബന്ധിതമായി നൽകുമെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ ബസുകൾ ഉടൻ: കിഫ്‌ബി ഫണ്ടിൽ നിന്നും കൂടുതൽ ബസുകൾ നിരത്തിൽ ഇറങ്ങും. രണ്ട് മാസങ്ങൾക്കുളിൽ സ്‌മാർട് സിറ്റി പദ്ധതിയിലൂടെ 113 ഇലക്ട്രിക് ബസുകൾ നിരത്തിൽ ഇറങ്ങുമെന്നും മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. കേരള സർക്കാരിന്‍റെ 202-23 വർഷത്തെ പ്ലാൻ ഫണ്ടിൽ ഫ്ലീറ്റ് നവീകരണത്തിനായി അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് ബസുകൾ വാങ്ങിയിരിക്കുന്നത്.
38.17 ലക്ഷം രൂപയാണ് ഒരു ബസിന്‍റെ വില. 22.18 ലക്ഷം രൂപയാണ് ഷാസിയുടെ വില. 15.98 ലക്ഷം രൂപയാണ് ബോഡി ബിൽഡിങ് വില. കെഎസ്ആർടിസിയുടെ കളപ്പഴക്കം ചെന്ന ദീർഘദൂര സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പകരമാണ് പുതിയ ബസുകൾ ഉപയോഗിക്കുക.
യാത്രക്കാരുടെ സുരക്ഷയ്ക്കായി മുൻവശത്തും പിൻവശത്തും 360 ഡിഗ്രി കാമറ, എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, പാനിക് ബട്ടൺ, യാത്രക്കാർക്ക് നിർദേശങ്ങൾ നൽകാൻ മൈക്ക് അനൗൺസ്മെൻ്റ്, ജിപിഎസ്, മൂന്ന് എമർജൻസി വാതിലുകൾ, സൗകര്യപ്രദമായ സീറ്റുകൾ ഇങ്ങനെ നീളുന്നു പുതിയ സൂപ്പർഫാസ്റ്റ് ബസുകളുടെ സവിശേഷതകൾ.
അശോക് ലെയ്‌ലന്‍ഡിന്‍റെ 12 മീറ്റർ ഷാസിയിൽ എസ്‌എം പ്രകാശ് എന്ന ബെംഗളൂരു ആസ്ഥാനമായ കമ്പനിയാണ് ബോഡി നിർമിച്ചിരിക്കുന്നത്. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് ബസിൻ്റെ നിർമാണം. ബസിൽ മൂന്ന് എമർജൻസി എക്‌സിറ്റ് വാതിലുകളുണ്ട്. മുന്നിലും പിന്നിലും ഉൾപ്പെടെ മൂന്ന് 360 ഡിഗ്രി കാമറകളാണ് ബസില്‍ ഘടിപ്പിച്ചിരിക്കുന്നത്. അപകടങ്ങൾ പരമാവധി കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്‍റ് വിലയിരുത്തുന്നത്.