തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജ്ജിന്‍റെ (Veena George) പേഴ്‌സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പൊലീസിന്‍റെ വിശദമായ പരിശോധന നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan). ശാസ്ത്രീയമായ പരിശോധന നടത്തി ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസ് പുറത്തുകൊണ്ടുവരും (CM On Health Minister Staff Bribery Allegation-Police Will Conduct Scientific Investigation). ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി അറിയാൻ അതുവരെ കാക്കാമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിയമനത്തിന് അഖില്‍ സജീവ് (Akhil Sajeev) എന്ന വ്യക്തി കോഴ ആവശ്യപ്പെട്ടതായി എന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോടാണ് മലപ്പുറം സ്വദേശിയായ ഹരിദാസന്‍ പരാതി പറഞ്ഞത്. ഇക്കാര്യം പ്രൈവറ്റ് സെക്രട്ടറി മന്ത്രിയെ അറിയിച്ചു. പരാതി രേഖാമൂലം എഴുതി വാങ്ങാൻ മന്ത്രി നിർദേശിക്കുകയും ചെയ്‌തു. ഇത്തരത്തിൽ എഴുതി വാങ്ങിയ പരാതിയിലാണ് അഖിൽ സജീവിന്‍റെ നിർദേശപ്രകാരം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന് (Akhil Mathew) മന്ത്രിയുടെ ഓഫിസിന് പുറത്തുവച്ച് പണം കൈമാറി എന്ന് പരാമര്‍ശമുള്ളത്. ഉടൻ തന്നെ പരാതി പൊലീസിന് കൈമാറാൻ മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രൈവറ്റ് സെക്രട്ടറി ഡിജിപിക്ക് പരാതി കൈമാറി.
മുഖ്യമന്ത്രിയുടെ ഓഫിസിനെയും മന്ത്രി ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം സംബന്ധിച്ച പരിശോധനയിൽ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫായ അഖിൽ മാത്യു പണം വാങ്ങിയിട്ടില്ലെന്നാണ് വ്യക്തമായത്. തന്‍റെ പേര് ആരോ തെറ്റായ രീതിയില്‍ ഉപയോഗിക്കുകയാണെന്ന് അഖിൽ മാത്യു മറുപടി നൽകിയിരുന്നു. അഖിൽ മാത്യുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ എല്ലാ വിവരങ്ങളും പുറത്തുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എൻഎച്ച്എം ഡോക്‌ടർ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് ആരോഗ്യമന്ത്രിയുടെ സ്‌റ്റാഫിനെതിരെ പരാതി നൽകിയിരിക്കുന്നത്. മകന്‍റെ ഭാര്യക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിനാണ് പണം നൽകിയതെന്നാണ് ഹരിദാസൻ പറയുന്നത്. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫിസറായി ഹോമിയോ വിഭാഗത്തിലാണ് നിയമനം വാഗ്‌ദാനം ചെയ്‌തത്. അഞ്ച് ലക്ഷം രൂപ ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും ഹരിദാസൻ പരാതിയിൽ പറയുന്നു.