തിരുവനന്തപുരം: യു.എ.ഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഇന്നു മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.ഇയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പുള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
ഖത്തറില്‍ നിന്ന് മടങ്ങുന്നവര്‍ 'ഇഹ്തിറാസ്' മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരായിരിക്കണം. ഒമാന്‍, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവര്‍ക്ക് എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, കയ്യുറ, സാനിറ്റൈസര്‍ എന്നിവ മാത്രം മതി. സൗദി അറേബ്യയില്‍ നിന്ന് വരുന്നവര്‍ എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവക്ക് പുറമേ പി.പി.ഇ കിറ്റും ധരിക്കണം. കുവൈറ്റില്‍ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവര്‍ പി.പി.ഇ കിറ്റ് ധരിക്കണം.
വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ആരോഗ്യ വകുപ്പ് അനുവദിച്ച ശേഷമേ പുറത്തു പോകാന്‍ പാടുള്ളൂ. മടങ്ങുന്നവര്‍ എല്ലാവരും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിമാനയാത്രാ വേളയിലാണ് രോഗം കൂടുതല്‍ പടരാന്‍ സാധ്യതയുള്ളത്. പരിശോധനയില്ലെങ്കില്‍ പ്രവാസികളുടെ ജീവനാണ് അപകടത്തിലാകുക. കൂടുതല്‍ രോഗ ബാധയുണ്ടാകുന്ന സൂപ്പര്‍ സ്‌പ്രെഡിന് വിമാനയാത്ര കാരണമാകുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് വിമാനയാത്രക്ക് മുന്‍പ് സ്‌ക്രീനിങ് നിര്‍ബന്ധമാക്കിയത്. കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും നില്‍ക്കുന്നത്. ഇതു നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ കഴിയൂ എന്നും അത് നടപ്പാക്കാന്‍ തല്‍കാലം കഴിയില്ലെന്ന് കേന്ദ്രം അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.