തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിഷയത്തിൽ റെഡ് ക്രസന്‍റുമായുള്ള ധാരണ പത്രത്തിന്‍റെ പകർപ്പ് പ്രതിപക്ഷ നേതാവിന് നൽകാൻ തയ്യാറായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ രേഖകൾ പരസ്യമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം ചോദിച്ച എല്ലാവർക്കും ധാരണ പത്രത്തിന്‍റെ പകർപ്പ് നൽകിയിട്ടുണ്ട്.
നാടിന് ഗുണം വരുന്നതിനെ എതിർക്കുക പ്രതിപക്ഷത്തിന്‍റെ സ്വഭാവമാണ്. അതിന്‍റെ ഭാഗമായാണ് ലൈഫ് മിഷനിൽ നിന്ന് രാജിവയ്ക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് വിജിലൻസ് പരിശോധിക്കുക. അതിന്‍റെ പേരിൽ മുഖ്യമന്ത്രിയേയും തദ്ദേശ മന്ത്രിയേയും ഒക്കെ ചോദ്യം ചെയ്യുമെന്ന പൂതിയൊന്നും വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.