തിരുവനന്തപുരം: സിബിഐ റിപ്പോർട്ട് (CBI Report) ലഭിച്ചതിന് ശേഷം നിയമപരമായി പരിശോധന നടത്തി നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). അടിയന്തര പ്രമേയത്തിൽ (Adjournment Motion) പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സോളാർ കേസിൽ (Solar Case) വേട്ടയാടലുകൾ ആര് തുടങ്ങിയെന്ന് വ്യക്തമാക്കണം. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികൾ എന്ന നിലയിൽ പ്രതിഷേധങ്ങൾ നടത്താൻ ഞങ്ങൾ ബാധ്യസ്ഥരാണ്. കേരള രാഷ്‌ട്രീയത്തിൽ വേട്ടയാടലുകളുടെ മാത്രം ഒരു ചരിത്രമുണ്ട്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം പക പോക്കാനും വേട്ടയാടാനുമുള്ള വേദിയായാണ് നിങ്ങൾ കാണുന്നത്. നേരത്തെ സംസ്ഥാനം മുഴുവൻ കത്തി നിന്ന വിഷയം, കേട്ടടങ്ങിയ ഈ വിഷയം വീണ്ടും കൊണ്ടുവരുന്നത് വേട്ടയാടൽ അല്ലെയെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ദല്ലാളിനെ ഓടിച്ചു: സിബിഐ റിപ്പോർട്ടിൽ ഇപ്പോൾ പുറത്തുവന്ന ആക്ഷേപങ്ങൾ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിൽ കണ്ടു. എന്നാൽ നേരിട്ട് റിപ്പോർട്ട് ലഭിച്ചിട്ടില്ല. വസ്‌തുത വിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷം അവതരിപ്പിക്കാൻ ശ്രമിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്ന് മൂന്നാം ദിവസം ദല്ലാളിനെ കണ്ടിരുന്നു. ദല്ലാൾ കാണാൻ വന്നപ്പോൾ ഇറങ്ങി പോകാനാണ് ഞാൻ പറഞ്ഞത്. അത് സതീശൻ പറയുമോ എന്ന് അറിയില്ലെന്നും അത് പറയാൻ വിജയന് മടിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരള ഹൗസിൽ പ്രാതൽ കഴിക്കുന്നതിനിടെയാണ് ദല്ലാളിനോട് പുറത്ത് പോകാൻ പറഞ്ഞത്. നിങ്ങളുടെ ആവശ്യത്തിന് കെട്ടിച്ചമച്ച കഥയാണ് ഇത്. 12-01-2021 നാണ് പരാതി എന്‍റെ കൈയിൽ ലഭിക്കുന്നത്. പിന്നീടാണ് നിയമോപദേശം തേടിയത്. ഞങ്ങൾ രാഷ്ട്രീയ താത്പര്യത്തോടെ ഇടപെട്ടിട്ടില്ലെന്നും നിയമനടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാറില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച്: സോളാർ തട്ടിപ്പ് കേസ് കേരളത്തിലെ യുഡിഎഫ് ഭരണത്തിന്‍റെ അരാജകത്വം തുറന്ന് കാണിക്കുന്നതായിരുന്നു. യുഡിഎഫ് സർക്കാരിൽ നിന്നും നിയമിച്ച ജുഡീഷ്യൽ കമ്മിഷനാണ് വലിയ അഴിമതിയുണ്ടായതായി കണ്ടെത്തുന്നത്. പ്രതിയെ ആദ്യം അറസ്‌റ്റ് ചെയ്‌തത് 2013 ജൂൺ 3 നാണ്. എഡിജിപി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും 15 രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്ന് ആക്ഷേപമുണ്ടായെന്നും സംസ്ഥാന ക്രൈംബ്രാഞ്ചും കേസിൽ അന്വേഷണം നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
സുപ്രീംകോടതി മുൻ ജസ്‌റ്റിസ് അർജിത് പസ്യായത്തിൽ നിന്നും നിയമോപദേശം തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ജുഡീഷ്യൽ കമ്മിഷൻ നിയമിച്ചത് യുഡിഎഫ് സർക്കാരായിരുന്നു. ഉപഭോക്താക്കളെ വഞ്ചിക്കാൻ സാഹചര്യം ഒരുക്കിയിരുന്നു. കമ്മിഷന്‍റെ കണ്ടെത്തലുകൾ പ്രകാരമുള്ള നടപടികളാണ് തീരുമാനിച്ചത്. കമ്മിഷന്‍റെ ഭാഗമായുള്ള നടപടികളിൽ സർക്കാർ കാര്യമായി ഇടപെട്ടുവെന്നും ഇക്കാര്യത്തിൽ അന്നും ഇന്നും അഭിനയിക്കുന്നത് പ്രതിപക്ഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മല്ലെഴി ശ്രീധരൻ നായർ കെപിസിസി അംഗം തന്നെയായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയുടെ മുറിയിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫിസ് മുറിയിൽ അന്നത്തെ മുഖ്യമന്ത്രിയെയും പരാതിക്കാരെയും അരുതാത്ത രീതിയിൽ കണ്ടുവെന്ന് പറഞ്ഞത് അന്നത്തെ സർക്കാരിന്‍റെ ചീഫ് വിപ്പ് പദവി വഹിച്ചിരുന്ന ഒരാളായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.