തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം നേരിടാൻ ആരോഗ്യമേഖല സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സ്വകാര്യ ആശുപത്രികളിലായി 9735 ഐസിയു കിടക്കകൾ ഉണ്ട്. ഇതിൽ സർക്കാർ ആശുപത്രികളിലെ 2650 ഐസിയു ബെഡുകളിൽ 50 ശതമാനം മാത്രമാണ് കൊവിഡ്, കൊവിഡ് ഇതര രോഗികൾ ഉള്ളത്. 3776 വെൻ്റിലേറ്ററുകളാണ് സർക്കാർ - സ്വകാര്യ ആശുപത്രികളിലായി സംസ്ഥാനത്തുള്ളത്. ഇതിൽ 277 എണ്ണത്തിൽ മാത്രമാണ് കൊവിഡ് രോഗികൾ ഉള്ളത്. സർക്കാർ ആശുപത്രികളിലെ 2253 വെൻറിലേറ്ററുകളില്‍ 18.2 ശതമാനം മാത്രമാണ് രോഗികൾ ഉള്ളത്.
കൂടുതല്‍ വായിക്കുക...അര്‍ഹമായ അളവ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ തുടങ്ങി 2249 കേന്ദ്രങ്ങളിലായി 1,99256 കിടക്കകൾ സജ്ജമാണ്. കൊവിഡ് ചികിത്സയ്ക്ക് വേണ്ടിയുള്ള 136 ആശുപത്രികളിലായി 5713 കിടക്കകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ആവശ്യമുള്ളതിനേക്കാൾ ഓക്സിജൻ ഉത്പാദനം കേരളത്തിൽ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 74.25 മെട്രിക് ടൺ ഓക്സിജനാണ് സംസ്ഥാനത്ത് ആവശ്യം. എന്നാൽ 219.22 മെട്രിക് ടൺ ഓക്സിജൻ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.