തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് ഇന്ന് വാദം കേൾക്കാൻ നിശ്ചയിച്ചിരുന്ന ഹർജിയിൽ തുടർ വാദം കേൾക്കുന്നത് ഓഗസ്റ്റ് 7 ലേക്ക് മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാരന്‍റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിയത്. കേസിന്‍റെ സാധുത സംബന്ധിച്ച് മൂന്ന് അംഗ ബെഞ്ച് ഒരു വർഷം മുൻപ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുൾ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട നടപടി ചോദ്യം ചെയ്‌ത് ഹർജിക്കാരൻ ആര്‍ എസ് ശശികുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്‌ത ഹർജിയിൽ ചീഫ് ജസ്റ്റിസ് ജൂലൈ 18 ന് വാദം കേൾക്കാനിരിക്കെ, അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിഞ്ഞത് കൊണ്ട് ഹർജി പരിഗണിക്കാത്തതിനാലും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിൽ ഹർജിക്കാരന്‍റെ അഭിഭാഷകന് സംബന്ധിക്കേണ്ടതു കൊണ്ടും കേസ് മാറ്റിവയ്ക്കണമെന്ന് ഹർജിക്കാരൻ ലോകായുക്തയ്ക്ക് അപേക്ഷ സമർപ്പിച്ചത്.
കേസ് നേരത്തെ പരിഗണിച്ച ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ലോകയുക്തയ്ക്ക് വേണ്ടി ഹാജരായ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്, ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണെന്ന് ലോകയുക്തയെ അറിയിക്കാൻ നിർദേശം നൽകിയിരുന്നു. പുതിയ ചീഫ് ജസ്റ്റിസ് നിയമിതാനാകുന്നതോടെ ഹൈക്കോടതിയിൽ ഫയൽ ചെയ്‌തിട്ടുള്ള ഹർജി പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവർ അടങ്ങുന്ന ഫുൾ ബെഞ്ചാണ് കേസ് ഓഗസ്റ്റ് 7 ലേക്ക് മാറ്റിയത്.
എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെയും 2017 ഒക്ടോബർ 4 ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെയും 2018 ജനുവരി 24 ന് ചെങ്ങന്നൂർ മുൻ എംഎൽഎ എ രാമചന്ദ്രൻ്റെയും കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വഴി വിട്ട് നൽകിയതായാണ് ഹർജിയിൽ ആരോപിക്കുന്നത്. മുൻ കേരള സർവകലാശാല ഉദ്യോഗസ്ഥനായ ആർ എസ് ശിവകുമാറാണ് ലോകായുക്തയെ സമീപിച്ചത്.
എൻസിപി നേതാവ് ഉഴവൂർ വിജയന്‍, ചെങ്ങന്നൂർ മുൻ എംഎൽഎ എ രാമചന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച പ്രവീണ്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് നൽകിയ തുകകൾ ഔട്ട് ഓഫ് അജണ്ട പ്രകാരമായിരുന്നു എന്നാണ് ശിവകുമാറിന്‍റെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചത്. എന്നാൽ മന്ത്രിസഭ തീരുമാന പ്രകാരമാണ് പണം അനുവദിച്ചത് എന്നായിരുന്നു സർക്കാർ വാദം. ധനസഹായ പദ്ധതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ അനുവദിക്കാൻ മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കുകയുണ്ടായി.