തിരുവനന്തപുരം: കൊവിഡ് തീവ്ര വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. പൊലീസ് മേധാവികള്‍, ഡിഎംഒ, കലക്ടര്‍മാര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുകയാണ് പ്രധാന അജണ്ട. സംസ്ഥാനത്തെ കൊവിഡ് പ്രതിദിന വ്യാപനം പതിനായിരത്തിന് അടുത്ത് എത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കര്‍ശനമാക്കാന്‍ സാധ്യതയുണ്ട്. കൂട്ട വാക്‌സിനേഷന്‍ നടത്താനുള്ള പദ്ധതിയും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായേക്കാം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കിടയിലും പൂര്‍ണമായി കൊവിഡ് പരിശോധന നടത്തിയിട്ടില്ല. കൂടുതല്‍ പരിശോധന നടത്തുന്നതിലും തീരുമാനമുണ്ടാകും. കൂട്ട പരിശോധന നടത്താനാണ് തീരുമാനം. നാളെയും മറ്റന്നാളുമായി രണ്ടരലക്ഷം പരിരോധന നടത്താനാണ് ആരോഗ്യ വകുപ്പിൻ്റെ നീക്കം. കർശന നിയന്ത്രണം വിവിധ ജില്ലകളിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ 24 കണ്ടൈൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപറേഷനിലെ 23 വാർഡുകളും വിളവൂർക്കൽ പഞ്ചായത്തിലെ ഒരു വാർഡും നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. ജില്ലയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഇളവുകൾ പിൻവലിക്കാനും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.