തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി (ബഫർസോൺ) ബന്ധപ്പെട്ട പ്രശ്‌നം ചർച്ച ചെയ്യുന്നതിന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക. റവന്യൂ, വനം, തദ്ദേശ മന്ത്രിമാർ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും.
ബഫർസോൺ വിഷയത്തിൽ സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവേ റിപ്പോർട്ട് അപൂർണമാണെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. എന്നാല്‍ സര്‍വേയ്‌ക്ക് പിന്നില്‍ സദുദ്ദേശം മാത്രമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബഫർ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവർക്ക് സ്വൈര്യ ജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളത്.
എന്നാൽ ബഫർ സോണിൻ്റെ പേരിൽ ചിലർ വിവേചനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ഉപഗ്രഹ സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചത്.
തെറ്റുകളും പൊരുത്തക്കേടുകളും നിറഞ്ഞ അപൂർണ റിപ്പോർട്ട് സമർപ്പിച്ച ശേഷം വിദഗ്‌ധ സമിതിയുടെ അനുബന്ധ റിപ്പോർട്ടിൽ അതെല്ലാം തിരുത്താമെന്ന നിലപാട് കോടതി അംഗീകരിക്കുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇതോടെയാണ് മലയോര മേഖലകളിൽ പ്രതിഷേധം രൂക്ഷമായത്.