തിരുവനന്തപുരം : ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കര്‍ എ എന്‍ ഷംസീറും. ആഖ്യാന ചിത്ര രചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യ സ്ഥാനത്ത് നിന്ന പ്രതിഭാശാലിയാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
വിവിധങ്ങളായ സര്‍ഗസാഹിത്യ സൃഷ്‌ടികളിലെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസില്‍ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ രചനാതന്ത്രം. മലയാള സാഹിത്യത്തിലെ പല കഥാപാത്രങ്ങളെയും നാം മനസിലാക്കുന്നതും ഓര്‍മിക്കുന്നതും ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരകളിലൂടെ നല്‍കിയ മുഖഛായകളിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രേഖാചിത്രകാരനായും പെയിന്‍ററായും ശില്‍പിയായും കലാ സംവിധായകനായും തലമുറകളുടെ മനസില്‍ ഇടം നേടിയ ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. പകരം വയ്ക്കാനില്ലാത്ത നഷ്‌ടമാണ് കലാരംഗത്തിന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കേരളത്തിന്‍റെ ചിത്രകലാരംഗത്ത് തനതായ മുദ്ര പതിപ്പിച്ച ചിത്രകാരനാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ അഭിപ്രായപ്പെട്ടു. വാക്കുകള്‍ കാവ്യമായി രൂപപ്പെടുന്ന മാന്ത്രികത അദ്ദേഹം വരയ്ക്കുന്ന 'രേഖകള്‍'ക്കുണ്ട്. എത്ര അന്വര്‍ഥമാണ് അദ്ദേഹത്തിന്‍റെ ആത്മകഥാംശമുള്ള പുസ്‌തകത്തിന് 'രേഖകള്‍ 'എന്ന പേരെന്ന് തോന്നിയിട്ടുണ്ട്.
എം ടിയുടെ രണ്ടാമൂഴവും വി.കെ.എന്‍ കഥകളും ഓര്‍ക്കുമ്പോള്‍ ഒരുപക്ഷേ അവരെഴുതിയ വാചകങ്ങളേക്കാള്‍ മുമ്പ് മനസിലെത്തുക നമ്പൂതിരിയുടെ വരകളാണ്. മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ എഴുത്തുകള്‍ക്ക് ജീവന്‍ നല്‍കുന്നതില്‍ അദ്ദേഹത്തിന്‍റെ രേഖാചിത്രങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. വരകള്‍ ചേര്‍ന്ന് ചിത്രമാകാനാകാത്ത വിടവാണ് നമ്പൂതിരിയില്ലാത്ത കേരളീയ ചിത്രകലാരംഗത്തുണ്ടാവുക.
എങ്കിലും അദ്ദേഹം ലോഹത്തകിടുകളില്‍ കൊത്തിയ ശിൽപങ്ങള്‍ പോലെ വ്യക്തമായും സുന്ദരമായും കേരള ചരിത്രത്തില്‍ നമ്പൂതിരി ആര്‍ട്ടിസ്റ്റായി അടയാളപ്പെട്ട് കിടക്കുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബാംഗങ്ങളുടെയും, കലാസ്വാദകരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ സ്‌പീക്കര്‍ പറഞ്ഞു.
ചിത്രകലയിലെ സുവർണാധ്യായം : വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി 12.21നായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നറിയപ്പെടുന്ന കരുവാട്ട് മന വാസുദേവന്‍ നമ്പൂതിരി (97) അന്തരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ആരോഗ്യനില വഷളായ അദ്ദേഹത്തെ നടുവട്ടത്തെ വീട്ടില്‍ നിന്ന് കോട്ടയ്‌ക്കല്‍ മിംസ് ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം.
പൊന്നാനിയില്‍ കരവാട്ടില്ലത്ത് 1925 സെപ്‌റ്റംബർ 13ന് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്‍റെയും മകനായാണ് നമ്പൂതിരിയുടെ ജനനം. ചെറുപ്പകാലത്ത് തന്നെ വരയോടുള്ള താത്പര്യം കണ്ടറിഞ്ഞ പ്രശസ്‌ത ചിത്രകാരനും ശിൽപിയുമായ വരിക്കാശേരി കൃഷ്‌ണൻ നമ്പൂതിരിയാണ് അദ്ദേഹത്തെ മദ്രാസ് ഫൈൻ ആർട്‌സ് കോളജിൽ എത്തിക്കുന്നത്.
റോയ് ചൗധരി, കെസിഎസ് പണിക്കർ, എസ് ധനപാൽ തുടങ്ങിയ പ്രമുഖരുടെ കീഴില്‍ നമ്പൂതിരി ചിത്രകല അഭ്യസിച്ചു. 1960 മുതല്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകള്‍ ഇടം നേടിത്തുടങ്ങി. കലാകൗമുദി, സമകാലിക മലയാളം എന്നിവയ്‌ക്ക് വേണ്ടിയും അദ്ദേഹം ചിത്രങ്ങള്‍ രചിച്ചു.
തകഴി ശിവശങ്കര പിള്ള, എസ്കെ പൊറ്റക്കാട്, എംടി വാസുദേവൻ നായർ, വികെഎൻ, പുനത്തിൽ കുഞ്ഞബ്‌ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും വേണ്ടിയും ആർട്ടിസ്റ്റ് നമ്പൂതിരി ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ആയിരക്കണക്കിന് രേഖാചിത്രങ്ങളാണ് വിവിധ പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി അദ്ദേഹം വരച്ചത്.