തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശയാത്ര ഉല്ലാസയാത്രയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഈ വിദേശയാത്ര ഒഴിവാക്കാമായിരുന്നു. ആവശ്യമില്ലാത്ത യാത്രകളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്നതുകൊണ്ടാണ് ഈ യാത്രകളെ ഉല്ലാസയാത്രയെന്ന് വിളിക്കേണ്ടി വരുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഹിരോഷിമ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോകുന്നതില്‍ തെറ്റില്ല. പക്ഷേ അതില്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യമെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സെക്രട്ടറിമാര്‍ ഒപ്പിടേണ്ട കാര്യത്തിന് മുഖ്യമന്ത്രി വിദേശത്ത് പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി പങ്കെടുത്ത ഒരു ചടങ്ങിന്റെ ഉദ്ഘാടകന്‍ ആ രാജ്യത്തെ ഇന്ത്യന്‍ അംബാസിഡറായിരുന്നു. മുഖ്യമന്ത്രിയേക്കാള്‍ എത്രയോ താഴെയാണ് പ്രോട്ടോക്കോള്‍ പ്രകാരം അംബാസിഡര്‍. ഇതൊക്കെ മുഖ്യമന്ത്രിയുടെ പദവിക്ക് നിരക്കുന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള ജിഎസ്‌ടി കുടിശികയുടെ പേരുപറഞ്ഞ് ധനമന്ത്രി തോമസ് ഐസക് നടത്തുന്ന ധൂര്‍ത്തും അനാവശ്യ ചെലവും അംഗീകരിക്കാനാകില്ല. ശമ്പള ബില്ലും മന്ത്രിമാരുടെ വിദേശ യാത്രക്കുള്ള ബില്ലുകളും മാത്രമാണ് കഴിഞ്ഞ മാസം ട്രഷറിയില്‍ നിന്നും മാറിക്കൊടുത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.