തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന് (Governor Arif Mohammed Khan) ഓർമ പിശകാണെന്നും താൻ രാജ്ഭവനിലേക്ക് പോകാറില്ലെന്ന് അദ്ദേഹത്തിന് പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). മുഖ്യമന്ത്രി രാജ്ഭവനിലേക്ക് വരാറില്ലെന്നും കാര്യങ്ങൾ നേരിട്ടെത്തി അറിയിക്കാറില്ലെന്നുമുള്ള ഗവർണറുടെ വിമർശനത്തിന് പിന്നാലെ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ചടങ്ങുകൾക്കും താൻ രാജ്ഭവനിലേക്ക് (Raj Bhavan) പോകാറുണ്ട്. തനിക്ക് അവിടെ പോകുന്നതുകൊണ്ട് എന്താണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി ചോദിച്ചു. ബില്ലുകളുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ അറിയിക്കുന്നതിന് അത് തയ്യാറാക്കിയ വകുപ്പുകളിലെ ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും പോകുന്നതാണ് നല്ലത്. സാധാരണ നിലയ്ക്ക് മുഖ്യമന്ത്രി അതിനായി പോകുന്ന പതിവില്ല. എന്തോ ഒരു പ്രത്യേക നില അദ്ദേഹം സ്വീകരിച്ചുപോവുകയാണെന്നും അതിനപ്പുറം പറയുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മന്ത്രിസഭ പുനഃസംഘടന : മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത് നിങ്ങളുടെ മനസിലുള്ളതാണെന്നും നിങ്ങൾ തന്നെ മനസിലിട്ട് തീരുമാനിച്ചുകൊള്ളൂവെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. നിങ്ങൾ തന്നെ മനസ്സിലിട്ട് അവസാനിപ്പിക്കൂ. നേരത്തെയുള്ള ധാരണ നമ്മൾ ആലോചിച്ചുകൊള്ളാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രം അനുമതി നൽകാത്തതിലും പ്രതികരണം : സൗദി അറേബ്യയിൽ 19ന് ആരംഭിക്കേണ്ട ലോക കേരളസഭ മേഖല സമ്മേളനത്തിന് കേന്ദ്രാനുമതി വൈകുന്നതിലും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. കേരളത്തോട് ഇങ്ങനെയുള്ള സമീപനങ്ങൾ വരുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. നമ്മുടേതുപോലെ ഒരു ഫെഡറൽ രാജ്യത്ത് നടക്കേണ്ട കാര്യമല്ല അതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഒരു പ്രധാനപ്പെട്ട പരിപാടിയാണ് ലോകത്ത് ആകെയുള്ള മലയാളികളുമായി ബന്ധപ്പെട്ടുകൊണ്ട് രൂപീകരിച്ച ലോക കേരളസഭ. അതിൻ്റെ മേഖല സമ്മേളനം ചേരുന്ന പ്രശ്‌നമാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. അതിന് ഇതുവരെ അനുമതി ലഭ്യമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വിഴിഞ്ഞം തുറമുഖത്തിൽ ക്ര്യൂ ചേഞ്ച് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോർഡുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.