തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളത്തിന്‍റെ വാര്‍ഷിക പരിപാലത്തിന് 3,84,356രൂപ അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസിന്‍റെ ടൂറിസം വകുപ്പ്. തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ടൂറിസം വകുപ്പില്‍ നിന്ന് ഈ മാസം 15 ന് ഇറങ്ങി. 38.47 ലക്ഷം രൂപയാണ് നീന്തല്‍ക്കുളത്തിന്‍റെ നവീകരണത്തിനും പരിപാലത്തിനുമായി പിണറായി വിജയൻ മുഖ്യമന്ത്രിയായതിനുശേഷം ചെലവായത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റ് സൊസൈറ്റിക്കായിരുന്നു നീന്തല്‍ക്കുളത്തിന്‍റെ നവീകരണ ചുമതല. ഇപ്പോഴത്തെ വാര്‍ഷിക പരിപാലനവും ഊരാളുങ്കലിനാണ്. നീന്തല്‍ക്കുളത്തിന്‍റെ നാലാം ഘട്ട വാര്‍ഷിക പരിപാലനം എന്ന പേരിലാണ് 3,84,356 രൂപ അനുവദിച്ചത്. ഓരോ വര്‍ഷവും ക്ലിഫ് ഹൗസിലെ നീന്തല്‍കുളത്തിന്‍റെ പരിപാലനം എന്ന പേരില്‍ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്.
കണക്കുകൾ പുറത്ത് : പിണറായി മുഖ്യമന്ത്രിയായതിനുശേഷമാണ് വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്ന ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിച്ചത്. അതിനുശേഷം നീന്തല്‍ക്കുളത്തിന്‍റെ ഒന്നാം ഘട്ട വാര്‍ഷിക പരിപാലനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2,28,330 രൂപയും രണ്ടാം ഘട്ട വാര്‍ഷിക പരിപാലനത്തിന് 2,51,163 രൂപയും മൂന്നാം ഘട്ട വാര്‍ഷിക പരിപാലത്തിന് 3,84,356 രൂപയുമാണ് അനുവദിച്ചത്. ഇതിനുപിന്നാലെയാണ് നാലാം ഘട്ട നവീകരണത്തിന് ഇപ്പോള്‍ 3,84,356 രൂപ കൂടി അനുവദിച്ചത്.
അതായത് ക്ലിഫ് ഹൗസിന്‍റെ നീന്തല്‍ക്കുളത്തിന്‍റെ വാര്‍ഷിക പരിപാലത്തിന് മാത്രം ഖജനാവില്‍ നിന്ന് ചെലവായത് 12,48,205 രൂപയാണ്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1992 ലാണ് ക്ലിഫ് ഹൗസ് വളപ്പില്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. 1992 ജൂലൈയില്‍ തിരുവനന്തപുരത്ത് പള്ളിപ്പുറത്തുവച്ച് കാര്‍ അപകടത്തില്‍ മുഖ്യമന്ത്രിയായിരുന്ന കരുണാകരന് ഗുരുതര പരിക്കേറ്റിരുന്നു.
വിവാദമായ നീന്തൽക്കുളം : തുടര്‍ന്ന് ഏറെക്കാലം ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്‍റെ തുടര്‍ചികിത്സയുടെ ഭാഗമായി ഡോക്‌ടര്‍മാര്‍ നീന്തല്‍ ഉപദേശിച്ചതിനെത്തുടര്‍ന്നാണ് അന്ന് ഔദ്യോഗിക വസതിയില്‍ത്തന്നെ നീന്തല്‍ക്കുളം നിര്‍മിച്ചത്. രണ്ട് ലക്ഷം രൂപയായിരുന്നു അന്നത്തെ നിർമാണ ചെലവ്. നിര്‍മാണകാലത്ത് കുളം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു.
പൊതു ഖജനാവിലെ പണമുപയോഗിച്ച് കുളം നിര്‍മിച്ചത് ധൂര്‍ത്താണെന്നാരോപിച്ച് ഇന്നത്തെ ഭരണപക്ഷമായ അന്നത്തെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. താന്‍ അധികാരത്തിലെത്തിയാല്‍ തന്‍റെ പട്ടിയെ അവിടെ കുളിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവായിരുന്ന ഇ കെ നായനാര്‍ അന്ന് പറഞ്ഞതും വാര്‍ത്തകളില്‍ നിറഞ്ഞു. പിന്നീട് ഇ കെ നായനാര്‍, എ.കെ. ആന്‍റണി, വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ മുഖ്യമന്ത്രിമാരായി ക്ലിഫ് ഹൗസില്‍ താമസിച്ചെങ്കിലും ആരും നീന്തല്‍ക്കുളം ഉപയോഗിച്ചില്ല.
വിവരാവകാശ നിയമപ്രകാരം അപേക്ഷ : 2016 ല്‍ പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷമാണ് ഉപയോഗ ശൂന്യമായ നീന്തല്‍ക്കുളം നവീകരിച്ചത്. നീന്തല്‍ക്കുളത്തിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ പലതവണ യു ഡി എഫ് എംഎല്‍എമാര്‍ നിയസഭ ചോദ്യമായി ഉന്നയിച്ചെങ്കിലും മറുപടി നല്‍കാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് കെപിസിസി സെക്രട്ടറി സി ആർ പ്രാണകുമാര്‍ വിവരാവകാശ നിയമപ്രകാരം ടൂറിസം ഡയറക്‌ടറേറ്റിന് നല്‍കിയ അപേക്ഷയ്‌ക്കുള്ള മറുപടിയിലാണ് ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളത്തിന്‍റെ നവീകരണത്തിന് ചെലവഴിച്ച തുകയുടെ കണക്കുകള്‍ പുറത്തുവന്നത്.
നീന്തല്‍ക്കുളത്തിന്‍റെ നവീകരണത്തിനായി 18,06,789 രൂപയും റൂഫിന്‍റെ വര്‍ക്കുകള്‍ക്കും പ്ലാന്‍റ് റൂമിന്‍റെ നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി. ക്ലിഫ് ഹൗസില്‍ സമീപ കാലത്ത് കാലിത്തൊഴുത്തിന് 42.50 ലക്ഷം രൂപ ചെലവിട്ടതും വിവാദമായിരുന്നു. ലിഫ്‌റ്റിന് 25.50 ലക്ഷവും അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ പുതിയ കിയ കാര്‍ണിവല്‍ കാറിന് പുറമെ ഡല്‍ഹിയിലും കണ്ണൂരിലും സഞ്ചരിക്കാന്‍ കനത്ത സുരക്ഷാസൗകര്യമുള്ള കാറും വാങ്ങിയത് സമീപകാലത്തായിരുന്നു.