തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന പരാതിയിൽ ധനമന്ത്രി ടി.എം തോമസ് ഐസക്കിന് ക്ലീൻ ചിറ്റ് . നിലവിലുള്ള ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മറികടന്നാണ് സിഎജി ഓഡിറ്റ് റിപ്പോർട്ടിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയത്. ഇതാണ് റിപ്പോർട്ട് പുറത്തു വിടാൻ ഉള്ള അസാധാരണ സാഹചര്യം സൃഷ്ടിച്ചതെന്ന ധനമന്ത്രിയുടെ വിശദീകരണം തൃപ്തികരമെന്ന് പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി അറിയിച്ചു. ഈ വിഷയത്തെ അവകാശ ലംഘനമായി ലഘൂകരിക്കുന്നത് യുക്തിസഹമല്ല. സാമാന്യ നീതി നിഷേധവും വികസനത്തെ ബാധിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ഈ വിഷയം നിയമസഭ ചർച്ച ചെയ്യേണ്ടതാണെന്ന അഭിപ്രായവും കമ്മറ്റി നിയമസഭയിൽ വച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഇതിനു സമാനമായ സംഭവം നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ സി എ ജി റിപ്പോർട്ട് പാർലമെൻ്റിൽ വയ്ക്കുന്നതിനു മുമ്പ് ചില പരാമർശങ്ങൾ എഎപി നേതാവ് പ്രശാന്ത് ഭൂഷൺ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് സംബന്ധിച്ച് അവകാശ ലംഘന നോട്ടീസ് രാജ്യസഭയിൽ വന്നിട്ടുണ്ട്. സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് സിഎജി റിപ്പോട്ടിലെ വിവരങ്ങൾ പുറത്ത് പറയുന്നത് അവകാശ ലംഘനമല്ല എന്നാണ് രാജ്യസഭയിലെ പ്രിവിലേജ് എത്തിക്സ് കമ്മറ്റി കണ്ടെത്തിയത്. ഇത് അടിസ്ഥാനമാക്കിയാണ് ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസിലും തീരുമാനമെടുത്തത്.
എ പ്രദീപ് കുമാർ അധ്യക്ഷനായ പ്രവിലേജ് എത്തിക്സ് കമ്മറ്റിയാണ് അവകാശ ലംഘന നോട്ടീസ് പരിഗണിച്ചത്. അവകാശ ലംഘന നോട്ടീസിൽ ധനമന്ത്രി തോമസ് ഐസക്കിനെ വിളിച്ചു വരുത്തി തെളിവെടുത്തിരുന്നു. ചരിത്രത്തിലാധ്യമായാണ് ഒരു മന്ത്രിയെ എത്തിക്സ് കമ്മറ്റി വിളിച്ചു വരുത്തി തെളിവെടുക്കുന്നത്. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതാണ് നിയമസഭയിലെ പ്രിവിലേജ് എത്തിക്സ് കമ്മറ്റി.