തിരുവനന്തപുരം : കെപിസിസി ആസ്ഥാനത്ത് കെഎസ്‌യു നേതാക്കൾ തമ്മിൽ സംഘർഷം. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെയാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. വിവാഹിതരായവരെയും പ്രായപരിധി കഴിഞ്ഞവരെയും മാറ്റിനിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ചർച്ചയ്‌ക്കിടെ എ, ഐ ഗ്രൂപ്പുകൾ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന് എതിരെ തിരിയുകയും അലോഷ്യസ് അനുകൂലികൾ ഇവരെ എതിർക്കുകയും ചെയ്‌തതോടെയാണ് ചർച്ച കയ്യാങ്കളിയിലേക്കും വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്.
കെഎസ്‌യു നേതൃനിര പ്രശ്‌നം : കെഎസ്‌യുവിന്‍റെ സംസ്ഥാന എക്‌സിക്യൂട്ടീവാണ് ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേർന്നിരുന്നത്. അതേസമയം പ്രായപരിധി കഴിഞ്ഞവരെയും വിവാഹിതരെയും കെഎസ്‌യു നേതൃനിരയിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സംസ്ഥാന കമ്മിറ്റിയിൽ തർക്കങ്ങൾ നിലനിന്നു വരികയായിരുന്നു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിന് ശേഷമാണ് കെഎസ്‌യുവിന്‍റെ സംസ്ഥാന നേതാക്കളുടെ ജംബോ പട്ടിക പുറത്തുവന്നത്.
ഇതിന് പിന്നാലെ ദേശീയ നേതാക്കൾ വിവാഹിതരെയും പ്രായപരിധി കഴിഞ്ഞവരെയും കെഎസ്‌യുവിൽ നിന്നും എൻ എസ് യുവിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചു. തുടർന്ന് കെഎസ്‌യുവിന്‍റെ സംസ്ഥാന നേതാക്കളായ അനന്തനാരായണൻ, വിശാഖ് എന്നിവർ സംസ്ഥാന കമ്മിറ്റിയിൽ നിന്നും രാജിവച്ചൊഴിയുന്ന സാഹചര്യം വരെ ഉണ്ടായി. പിന്നീട് വലിയ തർക്കങ്ങളാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റിക്കുള്ളിൽ തുടർന്ന് വന്നിരുന്നത്.
നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി : തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഭാവി സമരപരിപാടികൾ തീരുമാനിക്കാനും നിലവിലെ തർക്കങ്ങൾ പരിഹരിക്കാനുമായിട്ടായിരുന്നു ഇന്ന് കെപിസിസി ആസ്ഥാനത്ത് കെഎസ്‌യുവിന്‍റെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേർന്നത്. ഇതിനിടെ വൈകിട്ട് നാലരയോടെ ആയിരുന്നു നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. നിലവിൽ കെപിസിസി ആസ്ഥാനത്ത് കെഎസ്‌യു നേതാക്കളോ പ്രവർത്തകരോ ആരും തന്നെയില്ല.
തർക്കവും സംഘർഷവും മാധ്യമ വാർത്തയായതോടെ എല്ലാവരും ഓഫിസിൽ നിന്നും ചർച്ച അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. സംഭവത്തിൽ നേതാക്കളോ പ്രവർത്തകരോ ആരും തന്നെ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാരിനെതിരെ ഉള്ള സമരം ശക്തിപ്പെടുത്താൻ ആലോചിക്കുന്നുണ്ടെങ്കിലും ജനകീയ വികാരം വിദ്യാർഥി യുവജന ഘടകങ്ങൾക്കുള്ളിലെ പ്രതിഷേധമായി ഉയർത്താൻ തർക്കങ്ങൾ തടസമാവുകയാണ്. ക്യാമറ വിവാദം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ചൂണ്ടിക്കാട്ടി അടുത്തിടെ യുഡിഎഫ് നടത്തിയ സമരങ്ങളിൽ പ്രധാനമായിരുന്നു സെക്രട്ടേറിയറ്റ് വളയൽ.
പുനഃസംഘടനയ്‌ക്ക് മുമ്പ് ഡിസിസി ആസ്ഥാനങ്ങളിലും തർക്കങ്ങളും സംഘർഷങ്ങളും അരങ്ങേറിയിരുന്നു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നേരിട്ട് ഇടപെട്ടിട്ടുപോലും പല ഡിസിസികളിലും തർക്കങ്ങൾ തുടരുകയാണ്. ചില ജില്ലകളിൽ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായെങ്കിലും യുവജന വിദ്യാർഥി പ്രസ്ഥാനങ്ങളിൽ തർക്കങ്ങളും ഗ്രൂപ്പ് പോരും സജീവമായി തുടരുന്നു എന്നതിന്‍റെ തെളിവാണ് ഇന്ന് നടന്ന സംഭവം. പല തർക്കങ്ങൾക്കും പരിഹാരം കണ്ടെത്തുന്ന കെപിസിസി ആസ്ഥാനത്തു തന്നെ കെ എസ് യു നേതാക്കൾ തമ്മിലടിച്ചത് അപഹാസ്യമാണ്.