തിരുവനന്തപുരം: കെഎസ്ആർടിസി മാനേജ്മെന്‍റിലെ തെമ്മാടി കൂട്ടങ്ങളെ സർക്കാർ നിലയ്ക്കു നിർത്തണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) ജനറൽ സെക്രട്ടറി എസ് വിനോദ്. ശമ്പളം കൃത്യമായി നൽകുക, കെഎസ്ആർടിസിയെ തകർക്കുന്ന നടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചീഫ് ഓഫിസിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി ആരംഭിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിണി കിടക്കാം, പക്ഷേ ഇനിയും മാനേജ്മെന്‍റ് കെടുകാര്യസ്ഥത സഹിക്കാൻ കഴിയില്ലെന്നും എസ് വിനോദ് പറഞ്ഞു.
സർക്കാരിന് മാനേജ്മെന്‍റ് കള്ളക്കണക്കുകൾ ആണ് നൽകുന്നത്. അള മുട്ടിയാൽ ചേരയും കടിക്കും. പണിമുടക്കിലേക്ക് തള്ളിവിട്ടാൽ പണിമുടക്കുക തന്നെ ചെയ്യും. മൈക്ക് കെട്ടി മാത്രം എന്നും പ്രതിഷേധിക്കുമെന്ന് കരുതരുതെന്നും അദ്ദേഹം താക്കീത് ചെയ്‌തു.
കെഎസ്ആർടിസിയിൽ ഉണ്ടാകുന്ന ഓരോ ചലനവും പൊതു സമൂഹം ചർച്ച ചെയ്യുകയാണ്. ഗഡുക്കളായി മാത്രമേ ശമ്പളം നൽകൂ എന്ന് മാനേജ്മെന്‍റ് എന്തിനാണ് വാശി പിടിക്കുന്നത്? മാനേജ്മെന്‍റ് താത്‌പര്യം, കൃത്യമായി ശമ്പളം കൊടുത്താൽ സർക്കാർ സഹായം നിൽക്കുമെന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗതാഗത മന്ത്രി ആന്‍റണി രാജുവിനും മാനേജ്മെന്‍റിനും എതിരെ രൂക്ഷവിമർശനമാണ് വിനോദ് ഉന്നയിച്ചത്.
മന്ത്രിക്കും മാനേജ്മെന്‍റിനും ചില താത്‌പര്യങ്ങളുണ്ട്. ഏകപക്ഷീയമായ നിയമനം നടക്കുന്നുണ്ട്. മാനേജ്മെന്‍റിനെ നിലയ്ക്ക് നിർത്താൻ ഒരു സംവിധാനമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനങ്ങൾ പോലും നടപ്പാക്കുന്നില്ല. കെഎസ്ആർടിസിയിൽ ഒന്നും നേരായ വഴിക്കല്ല നടക്കുന്നതെന്നും എസ് വിനോദ് കുറ്റപ്പെടുത്തി.
കെഎസ്ആർടിസിയിൽ ശമ്പളം മാത്രമല്ല സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയതിലും ഒരുപാട് അപാകതകളുണ്ടെന്ന് അനിശ്ചിതകാല സമര പരിപാടിയിൽ അധ്യക്ഷത വഹിച്ച ടിഡിഎഫ് സെക്രട്ടറി ഡി അജയകുമാർ പറഞ്ഞു. കെഎസ്ആർടിസി സമാന്തരമായി നടപ്പിലാക്കിയ പ്രൈവറ്റ് കമ്പനിയായ സ്വിഫ്റ്റിനെ കുറിച്ച് ഒരുപാട് അപാകതകളും ആക്ഷേപങ്ങളും ഉണ്ട്. അത് പരിശോധിക്കണം. തൊഴിലാളി പീഡനങ്ങൾ അവസാനിപ്പിക്കണം.
മാനേജ്മെന്‍റ് നടപ്പിലാക്കി പരാജയപ്പെട്ട ഒരുപാട് വിഷയങ്ങളുണ്ട്. സർക്കാർ പറയുന്നതുപോലെയല്ല മാനേജ്മെന്‍റ് നടപ്പിലാക്കുന്നത്. സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ പേരിൽ മുഖ്യമന്ത്രി ഇടപെട്ട് എല്ലാ യൂണിയനുകളെയും വിളിച്ചുചേർത്ത് സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടിന്‍റെ മറവിലാണ് മാനേജ്മെന്‍റ് തൊഴിലാളി പീഡനവും ഇത്തരത്തിലുള്ള കാര്യങ്ങളും നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിനെ തുടര്‍ന്നാണ് ഭരണ-പ്രതിപക്ഷ യൂണിയനുകൾ സംയുക്ത സമരം നടത്തിയത്. ശമ്പളം മുഴുവന്‍ ഈ മാസം അഞ്ചോടെ വിതരണം ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുമായുള്ള യൂണിയനുകളുടെ കൂടിക്കാഴ്‌ചയില്‍ ലഭിച്ച ഉറപ്പ്. എന്നാല്‍ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണത്തിന് 50 കോടി അഭ്യര്‍ഥിച്ച് കെഎസ്ആര്‍ടിസി ധനവകുപ്പിന് നൽകിയ അപേക്ഷയില്‍ ഫലപ്രദമായ നടപടി ഉണ്ടാകാത്തതാണ് പ്രതിസന്ധിയായത്. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസ് എട്ടിന് മുഴുവനും ഒരുമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി യൂണിയനുകള്‍ക്ക് നൽകിയ ഉറപ്പും നടപ്പിലായില്ല.