തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാർ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ ധാരണ. ഒരുമിച്ചുള്ള പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കാന്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും യോഗം ചുമതലപ്പെടുത്തി. എന്നാല്‍ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള പ്രത്യക്ഷ സമരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നില്ല. പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ ഭരണഘടനാ സംരക്ഷണ സമിതി എന്ന സി.പി.എം ആശയവും മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ടു വച്ചില്ല.
സമരം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിനിധികള്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. പൗരത്വ ബില്ലിനെതിരായി യോജിച്ചുള്ള പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം എന്ന ആശയത്തിന് ധാരണയായി. സര്‍വ്വകക്ഷി പ്രതിനിധി സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രതിഷേധം അറിയിക്കും. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിക്കല്‍ പോലുള്ള കരിനിയമങ്ങള്‍ ചുമത്തരുത്. പൗരത്വവുമയി ബന്ധപ്പെട്ട തടങ്കല്‍പാളയങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കരുതെന്നും യോഗത്തില്‍ ആവശ്യപ്പെട്ടതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യോഗത്തിനു ശേഷം അറിയിച്ചു.